ബഹ്‌റൈനിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നു: 57 മൈക്രോണിൽ താഴെയുള്ള ബാഗുകൾക്ക് വിലക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് ബഹ്‌റൈനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം കർശന നിരോധനം ഏർപ്പെടുത്തി. 57 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകൾ നിർമ്മിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രു ഉത്തരവിട്ടത്. 2060-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള രാജ്യത്തിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം.

സാധാരണ മനുഷ്യന്റെ മുടിയേക്കാൾ കനം കുറഞ്ഞ ഈ പ്ലാസ്റ്റിക് ബാഗുകൾ മണ്ണിലും വെള്ളത്തിലും പെട്ടെന്ന് കലരുകയും മൈക്രോപ്ലാസ്റ്റിക് ആയി മാറി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നത് കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത്. പുതിയ നിയമം പൂർണ്ണമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും ആറ് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും പുതിയ മാനദണ്ഡങ്ങളിലേക്ക് മാറാനും ഈ കാലയളവ് സഹായിക്കും.

ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും സൂപ്പർമാർക്കറ്റുകളിലും സാധനങ്ങൾ കൊണ്ടുപോകാൻ നൽകുന്ന കൈപ്പിടിയുള്ളതും ഇല്ലാത്തതുമായ എല്ലാ കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്കും ഈ നിയമം ബാധകമായിരിക്കും. എന്നാൽ വീടുകളിലെ മാലിന്യ നിക്ഷേപത്തിനുള്ള ബാഗുകൾ, ആശുപത്രികളിലെ മെഡിക്കൽ മാലിന്യങ്ങൾക്കുള്ളവ, മരുന്നുകളും ഭക്ഷണസാധനങ്ങളും പാക്ക് ചെയ്യുന്ന പ്രത്യേക ബാഗുകൾ, കയറ്റുമതി ആവശ്യങ്ങൾക്കായി നിർമ്മിച്ചവ എന്നിവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ ഇൻസ്പെക്ഷൻ വിഭാഗം രാജ്യത്തെ അതിർത്തികളിലും വിപണികളിലും വരുംദിവസങ്ങളിൽ കർശന പരിശോധന നടത്തും. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അറബിയിലും ഇംഗ്ലീഷിലും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2019-ൽ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും 2022-ൽ 35 മൈക്രോണിൽ താഴെയുള്ള ബാഗുകളും നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പരിസ്ഥിതി സൗഹൃദ പാതയിൽ രാജ്യം കൂടുതൽ കരുത്താർജ്ജിക്കുന്നത്.

article-image

adswadsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed