നിരോധിത മേഖലയിൽ അനധികൃത മത്സ്യബന്ധനം: ഒരാൾ ബഹ്റൈൻ കോസ്റ്റ്ഗാർഡിന്റെ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് ചെമ്മീൻ പിടുത്തത്തിന് നിരോധനം നിലനിൽക്കെ, ബാപ്‌കോ എനർജീസ് 3D കടൽ സർവേ നടത്തുന്ന അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് മത്സ്യബന്ധനം നടത്തിയ സംഘത്തിലെ ഒരാളെ കോസ്റ്റ്ഗാർഡ് പിടികൂടി. നാലംഗ സംഘമാണ് ബോട്ടിൽ നിയമലംഘനം നടത്തിയത്.
കോസ്റ്റ്ഗാർഡിന്റെ പട്രോളിംഗ് സംഘത്തെ കണ്ടതോടെ വല മുറിച്ചുമാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ കടലിൽ വീഴുകയായിരുന്നു. കടലിൽ വീണയാളെ ഉടൻ തന്നെ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ കടന്നുകളഞ്ഞു. ഇവർക്കായി അധികൃതർ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
നിരോധിത മേഖലയിൽ പ്രവേശിച്ചതിന് പുറമെ, സർക്കാർ കർശനമായി നിരോധിച്ച 'ബോട്ടം ട്രോൾ' (Bottom Trawl) വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ചു എന്ന ഗുരുതരമായ നിയമലംഘനവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി ഉപയോഗിച്ച വലകൾ സംഭവസ്ഥലത്ത് നിന്ന് കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു.
ബാപ്‌കോ എനർജീസിന്റെ സർവേ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ മേഖലയിൽ പ്രവേശിക്കുന്നതിന് കർശന വിലക്കുണ്ട്. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. കടൽ നിയമങ്ങൾ പാലിക്കണമെന്നും നിരോധിത മേഖലകളിൽ പ്രവേശിക്കരുതെന്നും അധികൃതർ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.
qwdwwqqw


