സൗദിയിൽ രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്ത വിദ്യാർ‍ത്ഥികളെ ആബ്‌സന്റായി കണക്കാക്കും


റിയാദ്: സൗദിയിൽ‍ ആഗസ്ത് 29ന് സെക്കന്ററി, യൂനിവേഴ്‌സിറ്റി തലങ്ങളിൽ‍ നേരിട്ടുള്ള ക്ലാസ്സുകൾ‍ തുടങ്ങാനിരിക്കെ വ്യവസ്ഥകൾ‍ കർ‍ക്കശമാക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ക്ലാസ്സിൽ‍ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, അവരെ ആബ്‌സന്റായിട്ടാണ് കണക്കാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ‍ ശഷെയ്ഖ് അറിയിച്ചു. അതേസമയം, അവർ‍ക്ക് വീട്ടിൽ‍ നിന്ന് ഓൺലൈൻ ക്ലാസ്സുകളിൽ‍ പങ്കെടുക്കാൻ അവസരം ലഭിക്കും.

പൂർ‍ണമായി വാക്‌സിന്‍ സ്വീകരിച്ച് ക്ലാസ്സിൽ‍ തിരിച്ചെത്തിയാൽ‍ മാത്രമേ അവർ‍ക്ക് ഹാജർ‍ നൽ‍കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിൻ എടുക്കാൻ അർ‍ഹതയുള്ള 12 വയസ്സിന് മുകളിലുള്ള കുട്ടികൾ‍ക്കാണ് നിയമം ബാധകം. ഈ പ്രായത്തിൽ‍ പെട്ട എല്ലാ കുട്ടികളും എത്രയും വേഗം വാക്‌സിൻ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കളും അദ്ധ്യാപകരും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ അർ‍ഹരായ 93 ശതമാനം സ്‌കൂൾ‍ വിദ്യാർ‍ത്ഥികൾ‍ക്കും ഒരു ഡോസ് വാക്‌സിൻ ഇതിനകം വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. 37 ശതമാനം വിദ്യാർത്‍ഥികൾ‍ക്ക് രണ്ടു ഡോസും നൽ‍കി. യൂനിവേഴ്‌സിറ്റി വിദ്യാർത്‍ഥികളിൽ‍ 85 ശതമാനത്തിന് ആദ്യഡോസും 59 ശതമാനത്തിന് രണ്ടാം ഡോസും ലഭിച്ചു. 3.31 ലക്ഷം അദ്ധ്യാപകർ‍ക്കാണ് പുതിയ അദ്ധ്യയന വർ‍ഷത്തിന് മുന്നോടിയായി പരിശീലനം നൽ‍കിയതെന്നും മന്ത്രി അറിയിച്ചു. കൊവിഡ് കാലത്ത് വിദ്യാഭ്യാസ പ്രക്രിയ അത്ര എളുപ്പമല്ലെന്ന് വിദ്യാഭ്യാസ ഡയരക്ടർ‍മാരുടെയും മാനേജർ‍മാരുടെയും യോഗത്തിൽ‍ അദ്ദേഹം പറഞ്ഞു. എന്നാൽ‍ ഈ വെല്ലുവിളികളെ മാറ്റത്തിനും പുരോഗതിക്കുമുള്ള അവസരങ്ങളാക്കി മാറ്റാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ആൺകുട്ടികൾ‍ക്കും പെൺകുട്ടികൾ‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി ഓർ‍മിപ്പിച്ചു.

ഇന്റർ‍മീഡിയറ്റ്, സെക്കന്ററി തലത്തിലെ വിദ്യാർ‍ഥികൾ‍ക്കും യൂനിവേഴ്‌സിറ്റി വിദ്യാർ‍ഥികൾ‍ക്കും ടെക്കിനിക്കൽ‍ സ്ഥാപനങ്ങളിൽ‍ പഠിക്കുന്നവർ‍ക്കും ആഗസ്ത് 29 മുതൽ‍ തന്നെ നേരിട്ടുള്ള ഓഫ്‌ലൈന്‍ ക്ലാസ്സുകൾ‍ ആരംഭിക്കാനാണ് തീരുമാനം. അതേസമയം, പ്രൈമറി ക്ലാസ്സുകൾ‍ക്കും കിന്റർ‍ഗാർ‍ട്ടനുകൾ‍ പോലുള്ളവയ്ക്കും നവംബർ‍ ഒന്നു മുതലാണ് നേരിട്ടുള്ള ക്ലാസ്സുകൾ‍ തുടങ്ങുക. അതുവരെ നിലവിലെ രീതിയിൽ‍ ഓണ്‍ലൈന്‍ ക്ലാസ്സുകൾ‍ തുടരും. നവംബർ‍ ഒന്നിനു മുന്പ് സൗദിയിലെ 70 ശതമാനം ആളുകൾ‍ക്കും രണ്ട് ഡോസ് വാക്‌സിനും ലഭിക്കുന്നതിലൂടെ സാമൂഹിക പ്രതിരോധം കൈവരിക്കാനായാൽ‍ അതുമുതൽ‍ ഇവർ‍ക്കും നേരിട്ടുള്ള ക്ലാസ്സുകൾ‍ ആരംഭിക്കാനാണ് തീരുമാനം.

കുട്ടികൾ‍ ഉൾ‍പ്പെടെയുള്ളവർ‍ മാസ്‌ക്ക് ധരിക്കൽ‍, സാമൂഹിക അകലം പാലിക്കൽ‍, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ‍ പൂർ‍ണമായി പാലിക്കണമെന്ന് മന്ത്രി നിർ‍ദ്ദേശം നൽ‍കി. ക്ലാസ്സിലെ ഒരു വിദ്യാർ‍ഥിക്ക് കൊവിഡ് ബാധ കണ്ടെത്തിയാൽ‍ ആ ക്ലാസ്സ് 10 ദിവസത്തേക്ക് അടച്ചിട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് പഠനം മാറുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിലെ ഒന്നിലേറെ ക്ലാസ്സുകളിൽ‍ ഇതേ രീതിയിൽ‍ കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്യപ്പെടുന്ന പക്ഷം സ്‌കൂൾ‍ പൂർ‍ണമായി അടച്ചിടാനാണ് തീരുമാനം.

You might also like

Most Viewed