വൈദ്യുതി നിരക്ക് കുറയ്ക്കാനും റമദാൻ ആനുകൂല്യങ്ങൾക്കും പാർലമെന്റ് ശുപാർശ


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈനിലെ സാധാരണക്കാരായ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി മൂന്ന് സുപ്രധാന നിർദ്ദേശങ്ങൾ പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. ഏഴര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് വൈദ്യുതി ബില്ലിലെ ഇളവ്, ഭവന നവീകരണ വായ്പകൾ, റമദാൻ ആശ്വാസ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ എം.പിമാർ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിച്ചത്. പാർലമെന്റ് ആക്ടിങ് സ്പീക്കർ അബ്ദുൽനബി സൽമാൻ വോട്ടെടുപ്പിന് നേതൃത്വം നൽകി.

വൈദ്യുതി ബില്ലിലെ അമിതഭാരം കുറയ്ക്കുന്നതിനായി ഓരോ കുടുംബത്തിനും പ്രത്യേകം മീറ്ററുകൾ അനുവദിക്കണമെന്ന നിർദ്ദേശമാണ് പ്രധാനമായും ഉയർന്നുവന്നത്. ഒരേ വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുമ്പോൾ ഒരൊറ്റ മീറ്ററിൽ ഉപയോഗം രേഖപ്പെടുത്തുന്നത് ഉയർന്ന താരിഫ് ഈടാക്കാൻ കാരണമാകുന്നുണ്ടെന്ന് ഡോ. അബ്ദുൽ ഹക്കീം അൽ ഷെനോ എം.പി ചൂണ്ടിക്കാട്ടി. പുതിയ സംവിധാനം വരുന്നതോടെ സാധാരണക്കാർക്കും വിരമിച്ചവർക്കും അമിത ബിില്ലിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കും. കൂടാതെ, മസായ ഭവന പദ്ധതി വഴി വീട് സ്വന്തമാക്കിയവർക്ക് വീട് പുതുക്കിപ്പണിയുന്നതിനായി ഹൗസിങ് ബാങ്കും വാണിജ്യ ബാങ്കുകളും ചേർന്ന് ‘ജോയിന്റ് മോർട്ട്ഗേജ്’ സംവിധാനം ഏർപ്പെടുത്തണമെന്നും ഖാലിദ് ബു അനക് എം.പി ആവശ്യപ്പെട്ടു.

റമദാൻ മാസത്തിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കാൻ വിപുലമായ ആശ്വാസ പദ്ധതികളാണ് പാർലമെന്റ് മുന്നോട്ട് വെച്ചത്. അർഹരായവർക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഡിജിറ്റൽ ഫുഡ് വൗച്ചറുകൾ നൽകുക, ഹൗസിങ് ഇൻസ്റ്റാൾമെന്റുകൾ, മുനിസിപ്പൽ ഫീസുകൾ, പാർക്കിങ് ചാർജുകൾ എന്നിവയ്ക്ക് റമദാൻ കാലയളവിൽ പിഴയോ പലിശയോ ഇല്ലാതെ ഇളവ് അനുവദിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. റീട്ടെയിൽ വ്യാപാരികളുമായി സഹകരിച്ച് അവശ്യസാധനങ്ങൾക്ക് പ്രത്യേക വിലക്കുറവ് ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഈ താൽക്കാലിക സഹായങ്ങൾ സർക്കാരിന്റെ ദീർഘകാല ബജറ്റിനെ ബാധിക്കാതെ തന്നെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുമെന്ന് എം.പിമാർ വിശദീകരിച്ചു.

article-image

sdsf

You might also like

Most Viewed