300 കിലോ പൂക്കൾ ഉപയോഗിച്ച് 300 ചതുരശ്ര മീറ്ററിൽ അബുദാബിയിൽ ഒരു പൂക്കളം


അബുദാബി: മഹാമാരിക്കെതിരായ പോരാട്ടത്തിൽ അക്ഷീണം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരും കൊവിഡിനെ അതിജീവിച്ചവരും ഒത്തുചേർന്ന് അബുദാബിയിൽ കൂറ്റൻ പൂക്കളമൊരുക്കി. കെവിഡിന്റെ തുടക്കകാലത്ത് രോഗികൾക്ക് ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി പ്രവർത്തിച്ച ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് വർണ്ണവിസ്മയമായ പൂക്കളം ഒരുക്കിയത്.

ഒരുമയുടെ ആഘോഷമായ ഓണത്തിന് ഇത്തരമൊരു കൂട്ടായ്മയൊരുക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ ഏറെനാളത്തെ ശ്രമഫലമായാണ് 300 ചതുരശ്ര മീറ്റർ വലുപ്പമുള്ള പൂക്കളം. ഉത്രാടനാൾ ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ പൂക്കളമൊരുക്കൽ 16 മണിക്കൂറിലേറെ നീണ്ടു. തിരുവോണദിനം രാവിലെ പൂർത്തിയായ പൂക്കളത്തിനായി 300 കിലോ പൂക്കളാണ് ഉപയോഗിച്ചത്. മധുരയിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് കൂറ്റൻ പൂക്കളത്തിനായി പൂക്കളെത്തിച്ചത്.

എണ്ണൂറിലധികം കൊവിഡ് രോഗികൾക്ക് ആശ്രയമായിരുന്ന ബുർജീൽ മെഡിക്കൽ സിറ്റി നിലവിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക സേവനങ്ങളാണ് നൽകുന്നത്. ഇതോടൊപ്പം മേഖലയിലെ തന്നെ പ്രധാന അർബുദരോഗ ചികിത്സാകേന്ദ്രമായി ശ്രദ്ധയാകർഷിക്കുന്ന ആശുപത്രിയിലെ നാൽപതിലധികം ആരോഗ്യപ്രവർത്തകർ പൂക്കളം ഒരുക്കാനായി ഒത്തുചേർന്നു. ഒപ്പം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും കൊവിഡിനെ അതിജീവിക്കുകയും ചെയ്തവരും. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കൂട്ടായി ഒരുക്കിയ പൂക്കളം കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിയിൽ നിന്നവർക്കും പിന്തുണച്ചവർക്കും ത്യാഗങ്ങൾ സഹിച്ചവർക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. അരളി, രണ്ടു നിറങ്ങളിലുള്ള ചെണ്ട്മല്ലി, റോസ്, വാടാർമല്ലി, ജമന്തി തുടങ്ങിയ പൂക്കളാണ് പ്രധാനമായും പൂക്കളത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

സാമൂഹ്യ അകലവും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ഒരുക്കിയ പൂക്കളം യുഎഇയിലെ ഈ ഓണക്കാലത്തെ പൂക്കളങ്ങളിൽ ഏറ്റവും വലുതായി. കേരളത്തിന്റെ ഓണാഘോഷത്തിന്റെ സന്ദേശം മഹാമാരിക്കാലത്ത് വ്യത്യസ്‍തമായി ആവിഷ്ക്കരിച്ച പൂക്കളം ബുർജീൽ മെഡിക്കൽ സിറ്റിയിലെ രോഗികൾക്കും സന്ദർശകർക്കും പുതുമയുമായി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed