ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് ട്രാവൽ ഏജൻസികൾ ബഹ്റൈനിൽ അധികൃതർ അടപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈൻ ടൂറിസം മന്ത്രാലയത്തിന്റെ മതിയായ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾ അധികൃതർ അടപ്പിച്ചു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിക്ക് (BTEA) കീഴിലുള്ള ടൂറിസം ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കൃത്യമായ ലൈസൻസോ അതോറിറ്റിയുടെ അനുമതിപത്രങ്ങളോ ഇല്ലാതെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ടൂറിസം നിയമങ്ങൾ ലംഘിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ഓഫീസുകൾ ഉടനടി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്ഥാപന ഉടമകൾക്കെതിരെയുള്ള കൂടുതൽ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ ടൂറിസം മേഖലയുടെ നിലവാരം ഉറപ്പുവരുത്താനും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നത് തടയാനുമാണ് ഇത്തരം പരിശോധനകൾ കർശനമാക്കുന്നത്. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് ശക്തമായ നടപടികൾ തുടരുമെന്ന് ബി.ടി.ഇ.എ അറിയിച്ചു.
അംഗീകൃതവും വിശ്വസനീയവുമായ ഏജൻസികളുമായി മാത്രമേ പൊതുജനങ്ങൾ ഇടപാടുകൾ നടത്താവൂ എന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതും യാത്രകൾ പ്ലാൻ ചെയ്യുന്നതും വലിയ സാമ്പത്തിക നഷ്ടത്തിനും നിയമപ്രശ്നങ്ങൾക്കും കാരണമായേക്കാം. അംഗീകാരമുള്ള ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ബി.ടി.ഇ.എയുടെ ഔദ്യോഗിക വെബ്‌സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
cxzc


