ബഹ്റൈനിൽ ഉണക്കമത്സ്യനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ഉണക്കമത്സ്യത്തിനുള്ളിലും കൊഞ്ചിനുള്ളിലും ഒളിപ്പിച്ച് ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ഒന്നാം ഹൈ ക്രിമിനൽ കോടതി മാർച്ച് 17-ന് വിധി പറയും. ഒരു ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയ സ്ത്രീയും പുരുഷനുമാണ് കേസിൽ വിചാരണ നേരിടുന്നത്. നിലവിൽ ഇരുവരും റിമാൻഡിലാണ്.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് വൻ മയക്കുമരുന്ന് വേട്ടയ്ക്ക് വഴിയൊരുക്കിയത്. എക്സ്-റേ പരിശോധനയിൽ സംശയം തോന്നിയ രണ്ട് ബാഗുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഉണക്കമത്സ്യത്തിനും കൊഞ്ചിനും ഉള്ളിലായി ആറ് ബാഗുകളിൽ മയക്കുമരുന്ന് കണ്ടെത്തിയത്. വസ്ത്രങ്ങൾക്കിടയിലും അതിവിദഗ്ധമായ രീതിയിൽ ഇവ ഒളിപ്പിച്ചിരുന്നു. പണത്തിന് വേണ്ടി മറ്റൊരാൾക്ക് കൈമാറാൻ എത്തിച്ചതാണ് ബാഗുകളെന്ന് പ്രതികൾ ആദ്യം മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചു.
പിടിക്കപ്പെട്ടതിന് പിന്നാലെ, ബാഗ് വാങ്ങാൻ ഹോട്ടലിൽ എത്തുന്നവരെ പിടികൂടാൻ പ്രതികൾ പോലീസിനെ സഹായിച്ചിരുന്നു. എന്നാൽ ഇടപാടുകാരൻ വരാതിരിക്കുകയും പ്രതികളോട് ബാഗ് ഹോട്ടലിൽ വെച്ച് തിരികെ പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. പ്രതികൾക്ക് നൽകിയ മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റുകൾ വ്യാജമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. വിവിധ വിദേശ കറൻസികളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്തിമ വിധി മാർച്ച് പകുതിയോടെ പുറത്തുവരും.
sdfsf


