സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ ജയില്‍ മോചിതനായി
റിയാദ്: സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യാക്കാരന്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടലില്‍ വാള്‍തലപ്പിൽ നിന്ന് രക്ഷപ്പെട്ടു. ജുബൈലിലെ സ്വകാര്യകന്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി ഗോപിനാഥ് ബട്കോ ഗംഗാധര്‍ റാവുവാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവായി ജയില്‍ മോചിതനായത്. 10 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ ഗോപിനാഥ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. 2011 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഗോപിനാഥ് ജോലി ചെയ്തിരുന്ന കന്പനിയിൽ ഉയര്‍ന്ന പദവിയിലായിരുന്ന ഹൈദരാബാദ് സ്വദേശി സുഹൈലാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകത്തെ കുറിച്ചറിഞ്ഞ പൊലീസ് വിമാനത്താവളത്തിലുള്‍പ്പടെ വിവരം കൈമാറിയിരുന്നു. ഇതറിയാതെ എമിഗ്രേഷനില്‍ എത്തിയ ഗോപിനാഥിനെ അവിടെ തടയുകയും രാത്രിയോടെ പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി ജുബൈല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുകയുമായിരുന്നു. എട്ട് ദിവസത്തിന് ശേഷം ഗോപിനാഥിനെ അബുഹദ്രിയാ ജയിലിലേക്ക് മാറ്റി. മൂന്നുവര്‍ഷത്തിന് ശേഷം ജുബൈല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. മോചനദ്രവ്യം നല്‍കാം എന്ന് വാഗ്ദാനം ചെയ്‌തെങ്കിലും സുഹൈലിന്റെ കുടുംബം മാപ്പ് നല്‍കാന്‍ ആദ്യം കൂട്ടാക്കിയില്ല. പിന്നീട് ഗോപിനാഥ് സൈഫുദ്ദീന്‍ പൊറ്റശ്ശേരിയുമായി ബന്ധപ്പെടുകയും എംബസിയുടെ അനുവാദത്തോടെ അദ്ദേഹം ഇരുകൂട്ടര്‍ക്കും ഇടയില്‍ മധ്യസ്ഥനാവുകയുമായിരുന്നു. നിരവധി തവണ സൈഫുദ്ദീന്‍ പൊറ്റശ്ശേരി സുഹൈലിന്റെ ഭാര്യാപിതാവുമായും കുടുംബവുമായും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനമായത്. മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാൻ കുടുംബം തയ്യാറായതോടെ വധശിക്ഷ റദ്ദ് ചെയ്ത കോടതി ഗോപിനാഥിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു.


