സമുദ്ര ഡ്രോണുകളുമായി അമേരിക്ക; ഇറാന്റെ നാവിക കേന്ദ്രങ്ങളിൽ കനത്ത പ്രഹരം
ഷീബ വിജയൻ
ഇറാനിലെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ സൈറ്റുകൾ എന്നിവ തകർത്തതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു. യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 'കോർസെയർ' വിഭാഗത്തിൽപ്പെട്ട മൂന്ന് ആളില്ലാ ഉപരിതല ഡ്രോണുകൾ (വൺ-വേ അറ്റാക്ക് സർഫേസ് ഡ്രോണുകൾ) ഉപയോഗിച്ചാണ് ഇറാനിലെ അന്തർവാഹിനി, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയത്. യു.എസ് സൈനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സമുദ്ര ഡ്രോണുകൾ നേരിട്ടുള്ള യുദ്ധത്തിൽ ഉപയോഗിക്കുന്നത്. ബുശെർ, ചാബഹാർ, ജാസ്ക്, കൊനാരക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നീ തന്ത്രപ്രധാനമായ മേഖലകളിൽ അഞ്ച് മണിക്കൂർ നീണ്ടുനിന്ന കനത്ത ആക്രമണത്തിൽ ഇറാന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് അമേരിക്ക ഈ നടപടി സ്വീകരിച്ചതെന്ന് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പശ്ചിമേഷ്യയിലുടനീളം 50,000-ത്തിലധികം യു.എസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്.
asddfsfdsfd

