നെന്മാറയെ നടുക്കിയ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി കാത്ത് നാട്ടുകാർ


ഷീബ വിജയൻ

നെന്മാറ ഇരട്ടക്കൊലക്കേസിൽ ജില്ലാ കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ. തിരുത്തംപാടം ബോയൻ കോളനിയിലെ സജിത (35) എന്ന വീട്ടമ്മയെ വെട്ടിക്കൊന്ന് ജയിലിലായിരുന്ന അയൽവാസി ചെന്താമര, അഞ്ചുവർഷത്തിനുശേഷം പരോളിലിറങ്ങിയാണ് സജിതയുടെ ഭർത്താവ് സുധാകരനെയും (56) ഭർതൃമാതാവ് ലക്ഷ്മിയെയും (75) 2025 ജനുവരി 27ന് പട്ടാപ്പകൽ വെട്ടിക്കൊന്നത്.

നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നുവെങ്കിലും അത് അവഗണിച്ച് ചെന്താമര സ്വന്തം വീട്ടിലെത്തിയ വിവരം നാട്ടുകാരും സജിതയുടെ ബന്ധുക്കളും നെന്മാറ പൊലീസിനെ രേഖാമൂലം അറിയിച്ചെങ്കിലും പൊലീസ് അത് ഗൗനിച്ചില്ല. ഇരട്ടക്കൊലപാതകത്തിനുശേഷം നാട്ടുകാർ വലിയ ആരോപണമുന്നയിക്കുകയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ അന്നത്തെ സി.ഐ മഹേന്ദ്ര സിംഹനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തമാണ് പാലക്കാട് സെഷൻസ് കോടതി വിധിച്ചിരുന്നത്. പ്രതിക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും ലഭിക്കരുതെന്നാണ് നാട്ടുകാരുടെയും സുധാകരൻ-സജിത ദമ്പതികളുടെ മക്കളുടെയും ആവശ്യം.

പുറത്തിറങ്ങിയാൽ വീണ്ടും കൊലപാതകത്തിന് തുനിയുമെന്ന് ചെന്താമര പലതവണ വിചാരണയ്ക്കിടെ സൂചിപ്പിച്ചിരുന്നു. ചെന്താമര പുറത്തിറങ്ങിയാൽ തങ്ങളെ വകവരുത്തുമെന്ന് പ്രോസിക്യൂഷൻ സാക്ഷികളും സുധാകരന്റെ മക്കളും അയൽവാസികളും ആശങ്കപ്പെടുന്നുണ്ട്. കൊലപാതകം നടന്ന് ഒന്നിര വർഷത്തിനകമാണ് കേസിൽ വിധിവരുന്നത്. ബി.എൻ.എസ് (BNS) നിലവിൽ വന്ന ശേഷം ആദ്യമായാണ് ഒരു കേസിൽ ഇത്ര വേഗം വിധി വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോഴും യാതൊരു കുലുക്കവുമില്ലാതെ അക്ഷോഭ്യനായാണ് പ്രതി ചെന്താമര കോടതിയിൽ ജഡ്ജിയുടെ ചോദ്യങ്ങളെ നേരിട്ടത്. കേസിൽ തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നാണ് ചെന്താമര കോടതിയിൽ പറഞ്ഞത്. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു കോടതിയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രതിയുടെ ഈ പ്രതികരണമുണ്ടായത്.

താൻ ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ഡ്രൈവർ ആണെന്നും പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും പ്രതി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. പരീക്ഷ ജയിച്ചിട്ടില്ലെന്നും ബന്ധുക്കളാരും ജയിലിൽ കാണാൻ വരാറില്ലെന്നും ഭാര്യയും കുട്ടികളുമായി നിലവിൽ ബന്ധമില്ലെന്നും ഇയാൾ വ്യക്തമാക്കി. ജയിലിൽ നിന്നിറങ്ങിയാൽ വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന ജില്ലാ പ്രൊബേഷനറി ഓഫീസറുടെ റിപ്പോർട്ട് ജഡ്ജി ചൂണ്ടിക്കാണിച്ചപ്പോൾ, താൻ ഇതുവരെ ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ലെന്നും താൻ ഗാന്ധിജിയൊന്നുമല്ലെന്നും ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും പ്രതി പ്രതികരിക്കുകയുണ്ടായി. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന്, അവനവന് വന്നാലേ വേദന മനസ്സിലാകൂ എന്നും ജഡ്ജിയോട് നിങ്ങൾക്ക് അത് വന്നിട്ടില്ലല്ലോ എന്നുമായിരുന്നു പ്രതിയുടെ ധിക്കാരപരമായ മറുപടി. പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

article-image

efwerfwsed

You might also like

  • Lulu Exchange
  • Straight Forward

Most Viewed