'അവൻ ചിരിക്കുകയായിരുന്നു'; ചെവിക്ക് പിടിച്ച സംഭവം തമാശമാത്രമെന്ന് കെ ടി ജലീൽ


ഷീബ വിജയൻ

മണ്ണാർക്കാട് പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിയോ മാതാപിതാക്കളോ തങ്ങളെ അപമാനിച്ചെന്ന് പറയുകയാണെങ്കിൽ നൂറു വട്ടം ക്ഷമ ചോദിക്കാൻ താൻ തയ്യാറാണെന്ന് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. കുട്ടികൾക്ക് അക്ഷരം അറിയില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അത് ചിലർ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ കൃത്യമായാണ് വിലാസം എഴുതിയത്. ഒരു കുട്ടി ചെറിയ അക്ഷരത്തെറ്റ് വരുത്തിയപ്പോൾ അത് പറഞ്ഞു മനസിലാക്കിക്കൊടുക്കുക മാത്രമാണ് ചെയ്തത്. പൊതുവിദ്യാഭ്യാസം മോശമാണെന്ന് വരുത്തിത്തീർക്കാനും അതിനെ താറടിക്കാനുമാണ് ചിലർ ശ്രമിച്ചതെന്നും, മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ പറഞ്ഞുവിടാനാണ് താൻ എപ്പോഴും പറയാറുള്ളതെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാർഥികൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ സദസിനെയും കൂടി പരിപാടിയുടെ ഭാഗമാക്കാൻ വിദ്യാർഥികളുമായി സംവദിക്കുന്ന രീതി തനിക്കുണ്ട്. എംഎൽഎയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും ഈ രീതി പിന്തുടരാറുണ്ട്. അടിസ്ഥാനപരമായി താൻ ഒരു അധ്യാപകനാണെന്നും എന്നാൽ കുട്ടികളിൽ പൊതുവായന കുറവാണെന്ന കാര്യം പല സ്ഥലങ്ങളിൽ നിന്നും തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ഒരു നോവലെങ്കിലും വായിച്ച കുട്ടികളോട് കൈ പൊക്കാൻ പറഞ്ഞപ്പോൾ ഒരു കുട്ടി മാത്രമാണ് കൈ പൊക്കിയത്. 'പാത്തുമ്മയുടെ ആട്' ആണ് വായിച്ചത് എന്ന് പറഞ്ഞ കുട്ടിയോട് പാത്തുമ്മ ആരാണെന്ന് ചോദിച്ചപ്പോൾ ബഷീറിന്റെ സഹോദരിയാണെന്ന് കുട്ടി മറുപടി നൽകി. എന്നാൽ മലയാള ചെറുകഥയോ സിലബസിന് പുറത്തുള്ള മലയാള കവിതയോ വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. കുട്ടികൾ പാഠപുസ്തകങ്ങൾ കേന്ദ്രീകരിച്ച് പഠിച്ച് മാർക്ക് വാങ്ങുന്നുണ്ടെങ്കിലും പൊതുവായന കുറഞ്ഞുവരുന്നത് ഒരു സാമൂഹിക പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് സാമൂഹിക അവബോധവും ജീവിതത്തെക്കുറിച്ചുള്ള ധാരണയും ഉണ്ടാകണമെങ്കിൽ പൊതുവായന അനിവാര്യമാണ്. പിന്നീട് അറബി പ്രധാന ഭാഷയായി എടുത്ത ഒരു കുട്ടിയോട് അറബിയിലുള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ അക്ഷരം ചോദിച്ചപ്പോൾ 'സ' എന്ന് മറുപടി ലഭിച്ചു. 'സ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കായി 'സംസം' എന്ന് പറഞ്ഞ കുട്ടിയോട് അതിന്റെ അർത്ഥം ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു. 'നിൽക്കൂ നിൽക്കൂ' എന്നാണ് ആ വാക്കിന്റെ അർത്ഥമെന്ന് താൻ പറഞ്ഞു കൊടുത്തു. ഇതൊരു പ്രസംഗമായിരുന്നില്ലെന്നും കുട്ടികളുമായും രക്ഷിതാക്കളുമായും ഒരു അധ്യാപകനെപ്പോലെ സംവദിക്കുകയായിരുന്നുവെന്നും ജലീൽ വ്യക്തമാക്കി.

ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികളോട് ഹിന്ദിയിൽ വിലാസവും മാതാപിതാക്കളുടെ പേരും എഴുതാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ആദ്യം ആരും മിണ്ടിയില്ല. എഴുതാൻ അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയാമെന്ന് പറഞ്ഞ് മൂന്നോ നാലോ കുട്ടികൾ വന്ന് എഴുതി. അവർ എഴുതിയതെല്ലാം ശരിയായിരുന്നു. ഒരു കുട്ടി മാത്രം 'മ' എന്ന് എഴുതുന്നതിന് പകരം 'ല' എന്ന് എഴുതിയത് അപ്പോൾ തന്നെ തിരുത്തിക്കൊടുത്തു. അവന്റെ ചെവിക്ക് സാധാരണ തമാശയ്ക്കൊക്കെ പിടിക്കുന്നത് പോലെയാണ് പിടിച്ചതെന്നും അവനും ചിരിക്കുകയായിരുന്നുവെന്നും ജലീൽ പറഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അവർക്ക് അങ്ങനെ തോന്നിയിട്ടുമില്ലെന്നും ജലീൽ വ്യക്തമാക്കി. തങ്ങളെ അപമാനിച്ചതായി തോന്നിയിട്ടില്ലെന്ന് ആ കുട്ടികൾ തന്നെ വന്ന് പറഞ്ഞിട്ടുണ്ടെന്നും ക്ലാസ് മുറിയിൽ അധ്യാപകർ ചെയ്യുന്നതുപോലെ തിരുത്തുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dsfdsdsaswda

You might also like

  • Lulu Exchange
  • Straight Forward

Most Viewed