മധുരം കുറയും, ഗുണം കൂടും; അമൃതംപൊടി ഇനി 'തനി ഹെൽത്തി'


ഷീബ വിജയൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യണമെന്ന് വനിത-ശിശുവികസന വകുപ്പ് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോഷകാഹാര വിതരണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

ആറുമാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് അമൃതംപൊടി വിതരണം ചെയ്യുന്നത്. കുറുക്കായോ പലഹാരമായോ ദിവസം 135 ഗ്രാം അമൃതംപൊടിയാണ് കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്. എന്നാൽ ഈ കണക്കനുസരിച്ച് ഒരു കുട്ടി അമൃതംപൊടി കഴിക്കുമ്പോൾ 27 ഗ്രാം പഞ്ചസാരയാണ് ഉള്ളിലെത്തുന്നത്. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഇത്രയധികം പഞ്ചസാര നൽകുന്നത് ഒട്ടും അനുയോജ്യമല്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കുഞ്ഞുപ്രായത്തിൽ തന്നെ ഇത്രയധികം പഞ്ചസാര ഉപയോഗിക്കുന്നത്, കുട്ടികൾ വളരുമ്പോൾ ഐസ്‌ക്രീം ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളോട് അമിതമായ ആസക്തി ഉണ്ടാകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ പഞ്ചസാരയ്ക്ക് പകരം കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ ശർക്കരയോ കരുപ്പെട്ടിയോ ചേർത്ത് അമൃതംപൊടി പരിഷ്കരിക്കാനാണ് ഉദ്യോഗസ്ഥരുടെ ശുപാർശ.

കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് അമൃതംപൊടി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഇതിനായി ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. പുതിയ നിർദേശം നടപ്പിലാകുന്നതോടെ കുട്ടികളുടെ പോഷകാഹാര പദ്ധതി കൂടുതൽ ആരോഗ്യകരമായി മാറും.

 

article-image

sdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed