കണ്ണൂർ സർവ്വകലാശാലയിൽ ഗവർണറുടെ വെട്ടിനിരത്തൽ; ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ ഇടത് പ്രതിഷേധം
ഷീബ വിജയൻ
കണ്ണൂർ സർവ്വകലാശാലയിൽ ഭരണസമിതിയായ സിൻഡിക്കേറ്റിനെ പൂർണ്ണമായും മറികടന്ന് ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടൽ ഉണ്ടായിരിക്കുന്നു. സർവ്വകലാശാലയിലെ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിനായി സിൻഡിക്കേറ്റ് സമർപ്പിച്ച ഔദ്യോഗിക പട്ടിക വെട്ടിത്തിരുത്തിയാണ് ചാൻസലർ പുതിയ നിയമനങ്ങൾക്ക് അനുമതി നൽകിയത്. പുതുതായി പുനഃസംഘടിപ്പിച്ച 59 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമന ഉത്തരവ് സർവ്വകലാശാല രജിസ്ട്രാർ പുറത്തിറക്കി.
ഗവർണറുടെ നിർദ്ദേശപ്രകാരം രജിസ്ട്രാർ അടിയന്തിരമായി ഉത്തരവിറക്കിയതിന് പിന്നാലെ, വിസിക്കെതിരെയും ചാൻസലർക്കെതിരെയും കടുത്ത പ്രതിഷേധവുമായി ഇടത് അനുകൂല സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തി. പുതിയ ബോർഡ് ഓഫ് സ്റ്റഡീസിൽ സംഘപരിവാർ അനുഭാവമുള്ള അധ്യാപകരെ വ്യാപകമായി തിരുകിക്കയറ്റിയെന്നാണ് ഇവരുടെ പ്രധാന ആക്ഷേപം. സർവ്വകലാശാലാ നിയമപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിശ്ചയിക്കാനും നിയമിക്കാനുമുള്ള പൂർണ്ണ അധികാരം സിൻഡിക്കേറ്റിനാണെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
സിൻഡിക്കേറ്റിന്റെ ജനാധിപത്യപരമായ അവകാശങ്ങളെ ചാൻസലറും വൈസ് ചാൻസലറും ചേർന്ന് അട്ടിമറിച്ചതായി ഇടത് അനുകൂല സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ നിയമനത്തിന് പിന്നാലെ പ്രതിഷേധം ഭയന്ന് സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കാൻ വൈസ് ചാൻസലർ തയ്യാറാകുന്നില്ലെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ജൂൺ 22-ന് ശേഷം സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് യോഗങ്ങൾ വിളിച്ചുചേർത്തിട്ടില്ല. വൈസ് ചാൻസലറുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തികച്ചും ഏകാധിപത്യപരമായ പ്രവണതയാണെന്നും സുകന്യ തുറന്നടിച്ചു.
asdadsdfs

