സംസ്ഥാനത്ത് ആദ്യം ; സുഗതന്‍റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ പൂർത്തിയായി
ഷീബ വിജയൻ
തിരുവനന്തപുരം വാഴോട്ടുകോണം വാർഡ് കൗൺസിലറായ ആർ. സുഗതൻ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി വിധി പ്രകാരം തികച്ചും ലളിതമായി സംഘടിപ്പിച്ച ഈ ചടങ്ങിലെ സ്വാഗതം മുതൽ സത്യപ്രതിജ്ഞ വരെയുള്ള ഔദ്യോഗിക നടപടികൾ കേവലം അഞ്ചു മിനിറ്റുകൊണ്ട് പൂർത്തിയായി. മേയർ, കോർപ്പറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്ക് മാത്രമാണ് വേദിയിൽ ഇരിക്കാൻ സൗകര്യമൊരുക്കിയിരുന്നത്. ചടങ്ങിനെത്തിയ ഡെപ്യൂട്ടി മേയർ ആശാനാഥിന് വേദിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കാപ്പ (KAAPA) നിയമപ്രകാരമുള്ള ഒരു പ്രതി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. നേരത്തെ ഇയാൾ രക്തസാക്ഷികളുടെയും ദേവീദേവന്മാരുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ, കേരള മുൻസിപ്പൽ ആക്ടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് മറ്റു കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, സുഗതൻ അപ്പോഴേക്കും ജയിലിലായതിനാൽ നിയമക്കുരുക്കിൽപ്പെടുകയായിരുന്നു.
നടപടിക്രമങ്ങളിലെ പിഴവുകൾ കാരണം ജനവിധിയെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഇത്തവണ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ഇതിനായി ജയിലിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് സുഗതൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
കാപ്പ ചുമത്തപ്പെട്ട പ്രതിയായതിനാൽ സുഗതനെ ജയിൽ മോചിതനാക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നാല് വധശ്രമക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്ക് നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ ജാമ്യം അനുവദിച്ചിരുന്നു. എങ്കിലും ഈ ഇടക്കാല ജാമ്യങ്ങൾ പ്രാബല്യത്തിൽ വരണമെങ്കിൽ ഇയാൾ കാപ്പ കേസിൽ നിന്ന് മുക്തനാകേണ്ടതുണ്ട്. കഴിഞ്ഞ ജൂൺ ഒൻപത് മുതൽ കാപ്പ നിയമപ്രകാരം സുഗതനെ നാടുകടത്തിയിരിക്കുകയാണ്.
cdszdfsdsfsa

