ഹോർമുസിൽ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ
ഷീബ വിജയൻ
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ഔദ്യോഗികമായി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഒമാൻ തീരത്തിന് സമീപമുള്ള തെക്കൻ ഷിപ്പിങ് പാതയിൽ വെച്ച് യു.എ.ഇയുടെ മൊംബാസ, അൽ ബഹിയ എന്നീ ടാങ്കറുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി രാജ്യത്തിന്റെ ആശങ്ക അറിയിക്കുകയും അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

