മനുഷ്യനെ സന്ദർശിച്ച് മടങ്ങി; 1,200 കോടി വർഷം പഴക്കമുള്ള '3I/ATLAS' ധൂമകേതു


ഷീബ വിജയൻ

പ്രപഞ്ചത്തിലെ വിസ്മയങ്ങൾ മനുഷ്യന്റെ സങ്കൽപ്പങ്ങൾക്കും അപ്പുറമാണ്. അത്തരത്തിൽ സൗരയൂഥത്തിന്റെ അതിരുകൾ ഭേദിച്ച്, പ്രപഞ്ചത്തിന്റെ ഏതോ അജ്ഞാത കോണിൽ നിന്ന് ഭൂമിയെ തേടി എത്തിയ അതിഥിയാണ് '3I/ATLAS' എന്ന ധൂമകേതു. മനുഷ്യചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തപ്പെട്ടതിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ അന്യഗ്രഹ വസ്തുവാണിത്.

ശാസ്ത്രലോകം കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ഈ അന്യഗ്രഹ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തുന്നത്. നിലവിൽ സൂര്യന്റെ ഗുരുത്വാകർഷണ വലയത്തിൽപ്പെടാതെ, വ്യാഴത്തിന്റെ ഭ്രമണപഥവും പിന്നിട്ട് പ്രപഞ്ചത്തിന്റെ ഇരുണ്ട ശൂന്യതയിലേക്ക് ഇത് മടങ്ങുകയാണ്. ഇനി ഒരിക്കലും ഈ വസ്തു ഭൂമിയുടെ വിരുന്നുകാരനായി തിരിച്ചുവരില്ല. എന്നാൽ മടങ്ങുന്നതിന് മുൻപ് പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ചില നിർണായക വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് സമ്മാനിക്കാൻ ഇതിന് സാധിച്ചു.

സൗരയൂഥത്തിന് വെളിയിൽ നിന്ന് എത്തിയ വസ്തുക്കളിൽ ആദ്യത്തേത് 2017-ൽ കണ്ടെത്തിയ 'ഓമുവമുവ' (1I/Oumuamua) ആയിരുന്നു. രണ്ടാമത്തേത് 2019-ൽ കണ്ടെത്തിയ 'ബോറിസോവ്' (2I/Borisov) എന്ന ധൂമകേതുവാണ്. മൂന്നാമതായാണ് '3I/ATLAS' എത്തിയത്. ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പും ചിലിയിലെ അൽമ (ALMA) ടെലിസ്‌കോപ്പും നൽകിയ വിവരങ്ങൾ ഈ ധൂമകേതുവിനെക്കുറിച്ച് സമാനതകളില്ലാത്ത അറിവുകളാണ് ശാസ്ത്രലോകത്തിന് നൽകിയത്.

പാറയും മഞ്ഞും നിറഞ്ഞ, ഏകദേശം 1.5 മൈൽ വ്യാസമുള്ള ഈ വസ്തുവിന്റെ രാസഘടന പരിശോധിച്ച ഗവേഷകർ അത്ഭുതകരമായ കണ്ടെത്തലുകളിലാണ് എത്തിയത്. സാധാരണയായി പാറകളിൽ കാണപ്പെടുന്ന സിലിക്കേറ്റുകൾ പരൽ രൂപത്തിലോ രൂപരഹിതമായോ ആണ് ഉണ്ടാകാറുള്ളത്. നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളിൽ ഇവ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. എന്നാൽ '3I/ATLAS'-ൽ ഇവ രൂപരഹിതമായാണ് കാണപ്പെട്ടത്. വലിയ പ്രക്ഷുബ്ധതകളൊന്നുമില്ലാത്ത, തികച്ചും ശാന്തമായ ഒരു അന്യഗ്രഹ വ്യൂഹത്തിന്റെ പുറംഭാഗത്താണ് ഇത് രൂപംകൊണ്ടതെന്നാണ് ശാസ്ത്രജ്ഞർ ഇതിൽ നിന്ന് അനുമാനിക്കുന്നത്.

ഈ ധൂമകേതുവിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. കൂടാതെ ഇതിലെ ഹെവി വാട്ടറിന്റെ (Heavy Water) അളവ് നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളേക്കാൾ 30 മടങ്ങ് അധികമാണ്. മൈനസ് 405 ഡിഗ്രി ഫാരൻഹീറ്റിനും താഴെയുള്ള അതിശൈത്യമുള്ള അന്തരീക്ഷത്തിൽ മാത്രമേ ഈ പ്രതിഭാസം സാധ്യമാകൂ. ജെയിംസ് വെബ് ടെലിസ്‌കോപ്പ് നടത്തിയ കാർബൺ ഐസോടോപ്പ് പരിശോധനയിൽ ഇതിൽ കാർബൺ-13ന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. ഇതിനർത്ഥം പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിൽ, അതായത് ഏകദേശം 1,200 കോടി വർഷങ്ങൾക്ക് മുൻപ് ക്ഷീരപഥത്തിന്റെ അതിർത്തിയിൽ എവിടെയോ രൂപംകൊണ്ട ഒന്നാകാം ഇത്. ഈ നിഗമനം ശരിയാണെങ്കിൽ മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തുവായിരിക്കും '3I/ATLAS'.

കോടിക്കണക്കിന് വർഷങ്ങൾ ശൂന്യാകാശത്തിലൂടെ യാത്ര ചെയ്ത് നമ്മളിലേക്ക് എത്തിയ ഈ അതിഥി, പ്രപഞ്ചത്തിലെ എല്ലാ സൗരയൂഥങ്ങളും നമ്മുടേതുപോലെ പ്രക്ഷുബ്ധമല്ലെന്നും ശാന്തമായ പ്രപഞ്ചസാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്നും തെളിയിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭാവിയിൽ ഇത്തരം വിരുന്നുകാരെ കൂടുതൽ അടുത്തറിയാൻ യൂറോപ്യൻ സ്പേസ് ഏജൻസി 'കോമറ്റ് ഇന്റർസെപ്റ്റർ' പോലുള്ള ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിരാ സി. റൂബിൻ ഒബ്സർവേറ്ററി പോലുള്ള അത്യാധുനിക ടെലിസ്‌കോപ്പുകൾ കൂടി സജ്ജമാകുന്നതോടെ വരും വർഷങ്ങൾ അന്യഗ്രഹ വസ്തുക്കളെക്കുറിച്ചുള്ള പഠനത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറുമെന്നാണ് വിലയിരുത്തൽ.

article-image

aswdsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed