ഹജ്ജിന് പരമാവധി തീർത്ഥാടകരുടെ എണ്ണം പതിനായിരം; അവസരം 65 വയസിന് താഴേ പ്രായമുള്ളവർക്ക് മാത്രം
ജിദ്ദ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്രാവശ്യത്തെ ഹജ്ജിൽ പരമാവധി തീർത്ഥാടകരുടെ എണ്ണം പതിനായിരം ആയിചുരുക്കി. സൗദി അറേബ്യയുടെ ഹജ്ജ് ഉംറകാര്യ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദൻ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് നടത്താനുള്ള തീരുമാനത്തെ തുടർന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഹജ്ജ് നടപടികളെ കുറിച്ച് വിശദീകരിച്ചത്.
പ്രത്യേക പ്രവർത്തന പദ്ധതിയായിരിക്കും ഇത്തവണ ഹജ്ജ് നടത്തിപ്പിന്. ഹജ്ജ് സുരക്ഷിതവും ആരോഗ്യകരവുമായിരിക്കും. ഇതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കും. തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിന് നയതന്ത്ര മിഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കും. സമൂഹ അകലം പാലിച്ചായിരിക്കും കർമങ്ങൾ. വലിയ ജനക്കുട്ടമാകുന്നത് ഒഴിവാക്കും. വിദേശത്ത് നിന്നും തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം നൽകില്ല.
എന്നാൽ സൗദി അറേബ്യയിൽ നിലവിലുള്ള ഏത് വിദേശ രാജ്യക്കാരനും ഹജ്ജില്‍ പങ്കെടുക്കാം എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഈ വർഷത്തെ ഹജ്ജിന് അവസരം 65 വയസിന് താഴേ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു.

