സൗ­ദി­യിൽ നി­ന്ന് രണ്ടര ലക്ഷത്തോ­ളം നി­യമ ലംഘകരെ­ നാ­ടു­കടത്തി­


റിയാദ് : കഴിഞ്ഞ അഞ്ചു മാസത്തിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായ രണ്ടര ലക്ഷത്തോളം നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിഴകളും പ്രവേശന വിലക്കും തടവും കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിയമ ലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് അവസാനിച്ചതു മുതൽ കഴിഞ്ഞ ദിവസം വരെ നടത്തിയ റെയ്ഡുകളിൽ ആകെ 9,73,334 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 7,09,269 പേർ ഇഖാമ നിയമ ലംഘകരും 1,82,978 പേർ തൊഴിൽ നിയമ ലംഘകരും 81,087 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.

അഞ്ചു മാസത്തിനിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 14,186 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 58 ശതമാനം പേർ യെമനികളും 39 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി വിദേശങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച 634 പേരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തു കൊടുത്തതിന് 1769 വിദേശികളെയും 298 സൗദികളെയും പിടികൂടി. 

സൗദികളിൽ 275 പേരെ ശിക്ഷാ നടപടികൾ സ്വീകരിച്ച് വിട്ടയച്ചു. 23 പേർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്. നിലവിൽ 12,711 നിയമ ലംഘകർക്കെതിരെ നടപടികൾ പൂർത്തിയാക്കിവരികയാണ്. ഇക്കൂട്ടത്തിൽ 10,890 പേർ പുരുഷന്മാരും 1821 പേർ വനിതകളുമാണ്. 1,78,859 പേർക്കെതിരെ ഇതിനകം ശിക്ഷാ നടപടികൾ സ്വീകരിച്ചു.താൽക്കാലിക യാത്രാ രേഖകൾക്ക് 1,37,814 പേരെ എംബസികൾക്കും കോൺസുലേറ്റുകൾക്കും കൈമാറി. 1,65,610 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവരികയാണ്.

You might also like

Most Viewed