ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കാൻ ഡി.എം.സി.സിയുമായി കരാർ

ദുബൈ : ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വാണിജ്യ−വ്യാപാര ഇടപാടുകൾ വർദ്ധിപ്പിക്കാനും കൂടുതൽ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സും (ഐ.ഒ.ഡി) ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെന്ററും (ഡി.എം.സി.സി) തമ്മിൽ കരാർ ഒപ്പുവച്ചു.
ഇന്ത്യൻ വ്യാപാര സമൂഹവുമായുള്ള ബന്ധം വളർത്തിയെടുക്കാനും പുതിയ ആശയങ്ങളും സാധ്യതകളും പരസ്പരം പങ്കുവയ്ക്കാനും അവസരമൊരുക്കും. ദുബൈയിൽ നിക്ഷേപാവസരങ്ങൾ തേടുന്ന ഇന്ത്യൻ സംരംഭകർക്കു എല്ലാ സഹായവും ഡി.എം.സി.സി നൽകും.
ലീഡർഷിപ്പ് ഫോർ ബിസിനസ് എക്സലൻസ് ആൻഡ് ഇന്നവേഷൻ എന്ന പ്രമേയത്തിൽ നടക്കുന്ന ഇരുപത്തെട്ടാമത് വേൾഡ് കോൺഗ്രസിൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് പ്രസിഡണ്ട് ലഫ്.ജനറൽ ജെ.എസ്.അലുവാലിയ, ഡി.എം.സി.സി എക്സിക്യൂട്ടീവ് ചെയർമാൻ അഹമ്മദ് ബിൻ സുലായെം എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ യുഎഇയിലെയും ഇന്ത്യയിലെയും പ്രമുഖ നിക്ഷേപകരും കന്പനി പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സമ്മേളനം ഇന്നു സമാപിക്കും. ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകരുടെ പൊതുവേദിക്ക് ഉഭയകക്ഷി വ്യാപാരത്തിൽ വലിയ പങ്കുവഹിക്കാനാകുമെന്ന് ലഫ്.ജനറൽ ജെ.എസ്.അലുവാലിയ പറഞ്ഞു.