സൗദിയിൽ വിദേശികൾക്കായി എഴുപതിനായിരത്തിലേറെ തൊഴിലവസരങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്
റിയാദ് : വിദേശികൾക്ക് ജോലിചെയ്യാൻ അനുമതിയുള്ള സ്വകാര്യമേഖലയിലെ എഴുപതിനായിരത്തിലധികം തസ്തികകൾ സൗദി അറേബ്യയിൽ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്. 45,000 തസ്തികകളിൽ സ്വദേശികൾക്ക് തൊഴിലവസരമുണ്ടെങ്കിലും നിയമനം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യമേഖലയിലെ 1,16,068 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 45,919 ഒഴിവുകൾ സ്വദേശിവത്കരിച്ചവയാണ്. ബാക്കിയുള്ള 70,149 എണ്ണം വിദേശികൾക്കുള്ള തൊഴിലവസരമാണ്. ചെറുകിട വ്യവസായ, വാണിജ്യ സംരംഭങ്ങൾ, ഹോട്ടൽ, അപ്പാർട്ട്മെന്റുകൾ തുടങ്ങിയ മേഖലകളിലാണ് വിദേശികൾക്ക് തൊഴിലവസരമുള്ളത്. കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം നിർമാണമേഖലയിൽ 21,657 തൊഴിലവസരങ്ങളാണ് വിദേശികൾക്കുള്ളത്.
3190 തസ്തികകളിലാണ് സ്വദേശിവത്കരണം ആവശ്യമുള്ളത്. വ്യവസായമേഖലയിൽ ഒഴിവുള്ള 18,641 തസ്തികകളിൽ 7835 എണ്ണം സ്വദേശികൾക്ക് സംവരണം ചെയ്തതാണ്. 2017 മാർച്ച് മുതൽ 2018 മാർച്ച് വരെ തൊഴിൽ മന്ത്രാലയം 8.19 ലക്ഷം തൊഴിൽ വിസകൾ വിതരണം ചെയ്തെങ്കിലും എഴുപതിനായിരത്തിലധികം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
സ്വദേശികൾക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ സംരംഭകർ ആവശ്യപ്പെടുന്ന വിദഗ്ദ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ മന്ത്രാലയം വിസ അനുവദിക്കുന്നുണ്ട്.
അതിനിടെ, സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട സ്ഥിതിവിവര കണക്ക് പ്രകാരം രാജ്യത്തെ തൊഴിൽ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണം സ്വദേശികളേക്കാൾ നാലിരട്ടിയാണ്. സേവന മേഖലയിലാണ് വിദേശികൾ കൂടുതലും തൊഴിലെടുക്കുന്നത്. സ്വദേശികളാകട്ടെ, കൂടുതലും ഓഫീസ് ജോലികളിലാണ്.
അതേസമയം, വിദേശികളിൽ 35 ശതമാനം പേരും നന്നേ ചെറിയ സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. 27 ശതമാനം പേർ മാത്രമാണ് വൻകിട കന്പനികളിലുള്ളത്. 14 ശതമാനം ഇടത്തര സ്ഥാപനങ്ങളിലും 24 ശതമാനം പേർ ചെറുകിട സ്ഥാപനങ്ങളിലുമാണ് തൊഴിലെടുക്കുന്നതെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്കുകൾ അനാവരണം ചെയ്യുന്നു.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളാണ് സൗദി അറേബ്യയിൽ നിന്ന് മടങ്ങിയത്. നിരന്തരമായ പരിശോധനകളിൽ പിടികൂടി നാട് കടത്തിയവരും സ്വയം മടങ്ങിയവരും ഇക്കൂട്ടത്തിൽ പെടും.

