കൊല നടത്തിയ പ്രതിയെ ദുബൈ പോലീസ് നാല് മണിക്കൂറിനുള്ളിൽ പിടികൂടി
ദുബൈ : അമേരിക്കൻ വ്യവസായിയെ കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ച് നാലു മണിക്കൂറിനുള്ളിൽ പ്രതിയായ അറബ് പൗരനെ ദുബൈ പോലീസ് പിടികൂടി. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ദുബൈ പോലീസ് പ്രതിയെ പിടികൂടിയിരിക്കുന്നത്. അൽ മുറാഖാബാദ് പോലീസ് േസ്റ്റഷനിലേക്ക് എത്തിയ വ്യവസായിയുടെ ബന്ധുവിന്റെ ഫോൺ കോളാണ് സംഭവം പുറത്തെത്തിച്ചത്. വ്യവസായി ദുബൈയിൽ വന്നിട്ടുണ്ടെന്നും ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും അറിയിച്ചായിരുന്നു ഫോൺ സന്ദേശമെന്ന് ദുബൈ പോലീസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അൽ മൻസൂറി പറഞ്ഞു.
ഉടൻ തന്നെ വ്യവസായിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് ശേഖരിച്ചു. അന്വേഷണത്തിൽ വ്യവസായി സ്ഥിരമായി യു.എ.ഇ സന്ദർശിക്കാറുണ്ടെന്നും ദിവസങ്ങളോളം ഇവിടെ കഴിയാറുണ്ടെന്നും വ്യക്തമായി. വിവിധ ഹോട്ടലുകളിൽ മാറി മാറി താമസിച്ചിരുന്ന വ്യവസായി അവസാന സന്ദർശനത്തിൽ താമസിച്ച ഹോട്ടലിനെ കുറിച്ചും പോലീസ് അന്വേഷിച്ചു. നിയമപരമായ പരിശോധനയ്ക്കുള്ള അനുവാദം ലഭിച്ച ശേഷം വ്യവസായി താമസിച്ചിരുന്ന ഹോട്ടലിൽ എത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഹോട്ടൽ മുറിയുടെ മൂലയിൽ വ്യവസായിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏതാണ്ട് 48 മണിക്കൂർ മുന്പാണ് മരണം സംഭവിച്ചതെന്ന് പരിശോധനയിൽ നിന്നും മനസിലായെന്ന് പോലീസ് പറഞ്ഞു.
പിന്നീട് കൊലപാതകം നടത്തിയ വ്യക്തിക്കായി തിരച്ചിൽ തുടങ്ങിയെന്ന് ദുബൈ സി.ഐ.ഡി ഡയറക്ടർ ലഫ് കേണൽ ആദേൽ അൽ ജോക്കർ പറഞ്ഞു. അന്വേഷണം ആരംഭിച്ച് കേവലം നാലു മണിക്കൂറിനുള്ളിൽ ഡാറ്റ അനലൈസ് സെന്ററിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലയാളിയെ തിരിച്ചറിയുകയും ഇയാളുടെ പൗരത്വം മനസിലാക്കുകയും ചെയ്തു. 25 വയസ്സുള്ള അറബ് യുവാവാണ് കൃത്യം നടത്തിയതെന്നും ഇയാൾ വ്യവസായിക്കൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഉടൻ തന്നെ ഇയാളെ വീട്ടിൽ നിന്നും പോലീസ് പിടികൂടകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, വ്യവസായിക്കൊപ്പം ഹോട്ടൽ മുറിയിൽ കയറി മരക്കഷ്ണം ഉപയോഗിച്ച് വ്യവസായിയുടെ തലയ്ക്ക് അടിച്ചശേഷം ഇയാളുടെ പഴ്സ് മോഷ്ടിക്കുകയായിരുന്നു. മറ്റൊരു അറബ് പൗരനായ സുഹൃത്തും സഹായത്തിനുണ്ടായിരുന്നു. വ്യവസായിയെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കേസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഏറ്റവും പുതിയ സാങ്കേതിക വിദ്യങ്ങൾ ഉപയോഗിച്ചതിലൂടെയാണ് കൊലയാളിയെ റെക്കോർഡ് സമയത്തിനുള്ളിൽ കണ്ടെത്താൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

