പ്രകൃതി വാതക മേഖലയിൽ സൗദി അറാംകൊയുടെ നികുതി കുറച്ചു
റിയാദ് : പ്രകൃതി വാതക മേഖലയിലെ നിക്ഷേപങ്ങൾക്ക് സൗദി അറാംകൊയുടെ നികുതി 30 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയ്ക്കാൻ ശൂറാ കൗൺസിൽ തീരുമാനിച്ചു. പ്രകൃതി വാതക മേഖലയിൽ സൗദി അറാംകൊയുമായുള്ള പങ്കാളിത്തത്തിലൂടെ സൗദിയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സൗദി അറാംകൊ ഐ.പി.ഒ വിപണി മൂല്യം ഉയർത്തുന്നതിനുമാണ് നികുതി 20 ശതമാനമായി കുറച്ചത്.
അടിയന്തിര യോഗം ചേർന്നാണ് ഇക്കാര്യത്തിൽ ശൂറാ കൗൺസിൽ തീരുമാനമെടുത്തത്. മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. അന്തിമാംഗീകാരത്തിനായി ഇത് മന്ത്രിസഭക്ക് സമർപ്പിക്കും. സൗദി അറാംകൊയുടെ അഞ്ചു ശതമാനം ഓഹരികൾ പ്രാഥമിക വിപണിയിൽ വിൽക്കാൻ നീക്കമുണ്ട്. ഗ്യാസ് മേഖലയിലെ നിക്ഷേപങ്ങൾക്ക് നികുതി കുറയ്ക്കുന്നതു മൂലം ഗവൺമെന്റിന് നഷ്ടം നേരിടില്ലെന്ന് ശൂറാ കൗൺസിൽ അംഗം സാമി സൈദാൻ പറഞ്ഞു.

