യാത്രാ വിമാനങ്ങളുടെ വ്യോമപാത മാറ്റില്ലെന്ന് യു.എ.ഇ
ദുബൈ : യാത്രാ വിമാനങ്ങളുടെ വ്യോമപാത മാറ്റില്ലെന്ന് യു.എ.ഇ. യു.എ.ഇ. ഫെഡറൽ വ്യോമയാന അതോറിറ്റി ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം രണ്ട് യു.എ.ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയിൽ ഖത്തർയുദ്ധ വിമാനങ്ങൾ സമീപിച്ചതിനെ തുടർന്നാണ് ഈ വിശദീകരണം. തൽക്കാലം വ്യോമപാത മാറ്റാൻ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ബഹ്റൈൻ വ്യോമപരിധിയിലാണ് സംഭവംനടന്നത്. ഖത്തറിന്റെ യുദ്ധവിമാനങ്ങള്‍ അപകടകരമാം വിധം യു.എ.ഇ. യാത്രാവിമാനങ്ങൾക്ക് സമീപത്തേക്ക് വന്നു. ഒരു വിമാനത്തിന്റെ പൈലറ്റ് അവസരോചിതമായി ദിശ മാറ്റിയതിനാലാണ് കൂട്ടിയിടി ഒഴിവായത്.
യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ തകർക്കുകയാണ് ഇത്തരം നടപടികളിലൂടെ ഖത്തർ ചെയ്യുന്നതെന്ന് സംഭവത്തെ അപലപിച്ച് യു.എ.ഇ. പ്രസ്താവിച്ചിരുന്നു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടുന്നുണ്ടെന് ഉറപ്പു വരുത്താനുള്ള യു.എ.ഇയുടെ അവകാശത്തെക്കുറിച്ചും വ്യോമയാന അതോറിറ്റി പ്രസ്താവനയിൽ ഊന്നിപ്പറയുന്നുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഭവം അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യുമെന്നും അൽ മൻസൂരി അറിയിച്ചു.

