മരുന്നുകൾക്ക് വാറ്റ് ചുമത്തിയാൽ കർശന നടപടി : ആരോഗ്യ മന്ത്രാലയം
ദുബൈ : മരുന്നുകൾക്ക് മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്തിയിട്ടില്ലെന്നും ഏതെങ്കിലും ഫാർമസി ഈ പേരിൽ നിരക്ക് ഈടാക്കിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം. വാറ്റ് ഇനത്തിൽ പൊതുജനങ്ങളിൽനിന്നു പണം ഈടാക്കുന്നുണ്ടോ എന്നറിയാൻ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) യുമായി സഹകരിച്ചു ഫാർമസികളിൽ ഊർജിത പരിശോധന നടത്തുമെന്ന് പൊതു ആരോഗ്യ, ലൈസൻസ് വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീരി പറഞ്ഞു. ന്യായവില നിശ്ചയിച്ചാണു മന്ത്രാലയം മരുന്നുകൾ വിപണിയിലെത്തിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഏതെങ്കിലും ഫാർമസി അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ മന്ത്രാലയത്തെ അറിയിക്കണം. മരുന്നുകൾക്കു മാത്രമല്ല മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്പോഴും വാറ്റ് നൽകേണ്ടതില്ല. വാറ്റ് സംബന്ധിച്ചു 2017 ലെ 56−ാംനന്പർ മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഔഷധങ്ങളെ നികുതിയിൽനിന്നൊഴിവാക്കിയത്.
മരുന്നുകൾക്കു നികുതി ഈടാക്കുന്നതു ശ്രദ്ധയിൽപെട്ടാൽ ആരോഗ്യമന്ത്രാലയത്തിലോ എഫ്.ടി.എയിലോ പരാതി നൽകാം. ലൈസൻസ് ഇല്ലാതെ ഫാർമസിസ്റ്റ് ആയി ജോലിചെയ്യുന്നവരെയും പിടികൂടും.

