വീട്ടുവേലക്കാരുടെ റിക്രൂട്ട്മെന്റ് : അനധികൃത ഇടനിലക്കാർക്കെതിരെ സൗദി ഭരണകൂടം
റിയാദ് : സൗദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിൽ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. വിസ ഇടപാടിൽ അനധികൃതരായ ഇടനിലക്കാർ തിരിമറി നടത്തുന്നതായി സൗദി തൊഴിൽ മന്ത്രാലയത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് പുതിയ നിയമാവലി തയ്യാറാക്കിത്തുടങ്ങി. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് 'മുസാനിദ്' ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തും. ഇതുവഴി സ്വദേശികൾക്ക് ആവശ്യമായ സേവനം മെച്ചപ്പെടുത്താനാണ് തൊഴിൽ മന്ത്രാലയം ഉദ്ദേശിച്ചിരുന്നത്. റിക്രൂട്ടിംഗിനുള്ള നിബന്ധനകളും വ്യവസ്ഥകളും വെബ്പോർട്ടലിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഓൺലൈൻ തൊഴിൽ കരാർ രൂപപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. തൊഴിലാളി, തൊഴിലുടമ, റിക്രൂട്ടിംഗ് ഏജന്‍റ് എന്നിവരുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ഈ സംവിധാനങ്ങൾക്കൊപ്പവും ഇടനിലക്കാരായി വർത്തിക്കുന്നവർ സ്വദേശത്തും വിദേശത്തുമുള്ളതായി മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. റിക്രൂട്ടിംഗ് നിരക്ക് വർദ്‍ധിക്കാനും കാലതാമസം വരുത്താനും ഇത് കാരണമാവുന്നു. ഇത്തരം അനാരോഗ്യകരമായ പ്രവണതകൾ നിയമനടപടിയിലൂടെ തടയാനാണ് തൊഴിൽ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

