സൗദിയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്
മക്ക : സൗദിയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. ഗതാഗതവകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. വാഹനാപകടങ്ങളിൽ 15.91 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്ത് നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം ഫലം ചെയ്യുന്നുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും അധികൃതർ പറഞ്ഞു.
2016 അവസാനപാദത്തിലെ വാഹനാപകട നിരക്കും കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള റോഡ് അപകടങ്ങളും താരതമ്യം ചെയ്യുന്പോൾ 15.91 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2016 അവസാനപാദത്തിൽ 1.27 ലക്ഷം വാഹനാപകടങ്ങളാണ് നടന്നത്. എന്നാൽ ഇത് കഴിഞ്ഞവർഷം 1.07 ലക്ഷമായി കുറഞ്ഞു.
അപകടങ്ങളിൽ മരിച്ചവർ, പരിക്കേറ്റവർ എന്നിവരുടെ എണ്ണത്തിലും കുറവുണ്ട്. ഏറ്റവും കൂടുതൽ അപകടംനടന്നത് തായിഫ് മേഖലയിലാണ്. ഹായിൽ, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രവിശ്യ, വടക്കൻ അതിർത്തി നഗരങ്ങൾ, അൽ ഖുറയാത്ത് എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് പരിക്കേറ്റത്. കഴിഞ്ഞവർഷം മുതൽ ഗതാഗത നിയമ ലംഘകർക്കുളള പിഴ ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. റോഡ് സുരക്ഷാ ക്യാമറകൾ രാജ്യവ്യാപകമായി സ്ഥാപിക്കുകയും ചെയ്തു. ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരേ തടവും പിഴയും ഉൾപ്പെടെ കർശന ശിക്ഷാ നടപടി സ്വീകരിക്കാൻ കഴിഞ്ഞ വർഷം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

