മക്കയിൽ രണ്ടിടത്ത് തീപിടിത്തം : ഏഴ് പേർ മരിച്ചു
റിയാദ് : മക്കയിലുണ്ടായ രണ്ടു വ്യത്യസ്ത തീപിടിത്തങ്ങളിൽ ഒരു കുടുംബത്തിലെ അഞ്ചു പേരുൾപ്പെടെ ഏഴു പേർ വെന്തു മരിക്കുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മക്കയിലെ ശരായിഅയിൽ ബുധനാഴ്ച പുലർച്ചെയാണ് ആദ്യ തീപിടിത്തം ഉണ്ടായത്. ഇതിൽ രണ്ടു പേർ മരിച്ചു. ഇവരെ കുറിച്ചുള്ള വിശദാംശങ്ങൾ അറിവായിട്ടില്ല.
ശരായിഅ മുജാഹിദീൻ റോഡിൽ തന്നെ ഏതാനും മണിക്കൂറുകൾക്കു ശേഷമുണ്ടായ രണ്ടാമത്തെ തീപിടിത്തത്തിലാണ് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ജീവഹാനി സംഭവിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ആഫ്രിക്കൻ വംശജരാണ് ദുരന്തത്തിന് ഇരയായ കുടുംബം. ഇവർ താമസിച്ചിരുന്ന ഒരു പഴകിയ വീടിനു തീപിടിച്ചാണു ദുരന്തമുണ്ടായത്.
ശ്വാസം മുട്ടിയും പൊള്ളലേറ്റും അവശനിലയിലായവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരവും തകരയും കൊണ്ടു മറച്ചുണ്ടാക്കിയ വീടിന്റെ അകത്തുള്ള മുറ്റത്തു നിന്നാണ് തീ പടർന്നു വീടിനെയാകെ വിഴുകിയത്. മുറ്റത്തു കൂട്ടിയിട്ടിരുന്ന പഴകിയ ഫർണിച്ചറുകൾ മറ്റു അവശിഷ്ടങ്ങൾ എന്നിവയിൽ നിന്നാണ് തീ പടർന്നത്. തീ പടർത്തുന്ന സാധനങ്ങൾ കിടപ്പുമുറിയ്ക്കു സമീപമായി ശേഖരിച്ചു വയ്ക്കരുതെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളെ ഉണർത്തി.
തീപിടിത്തങ്ങൾ സംബന്ധിച്ച അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.

