സൗദി അറേബ്യയുടെ വരുമാനത്തിൽ വൻ വർദ്ധന
ദമാം : 2017ന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ വരുമാനത്തിൽ 29 ശതമാനം വർദ്ധനയുണ്ടായെന്ന് ധനമന്ത്രാലയം. പൊതുധന വിനിയോഗത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ രണ്ട് ശതമാനം കുറവുമുണ്ട്. ബജറ്റ് കമ്മിയിലും കുറവുണ്ട്. 51ശതമാനത്തോളം കുറവാണ് ഈ രംഗത്തുണ്ടായിട്ടുളളത്.
രാജ്യത്തിന്റെ വരുമാനം വർദ്ധിച്ചതായും ധനവകുപ്പ് ഉപമന്ത്രി ഹിന്ദി അൽ സുഹൈമി പറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിലെ ആകെ പൊതുവരുമാനം 163.9 ബില്ല്യൺ റിയാലാണ്. കഴിഞ്ഞ വർഷം രണ്ടാംപാദത്തെ അപേക്ഷിച്ച് ആറ് ശതമാനം കൂടുതലാണിത്.
പെട്രോൾ മേഖലയിൽ നിന്ന് 100.9 ബില്ല്യൺ റിയാലും പെട്രോളിതര മേഖലയിൽ നിന്ന് 62.9 ബില്ല്യൺ റിയാലും വരുമാനമുണ്ടായി. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് പെട്രോളിയത്തിൽ നിന്നുളള വരുമാനം 28 ശതമാനം വർദ്ധിച്ചതായും ഹിന്ദി അൽ സുഹൈമി പറഞ്ഞു. രാജ്യത്ത് നടപ്പാക്കുന്ന സാന്പത്തിക പരിഷ്‌കരണങ്ങൾ ഫലം കാണുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇതെന്നും ധനമന്ത്രി മുഹമ്മദ് അൽജാദ് ആൻ പറഞ്ഞു. സാന്പത്തിക വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ബജറ്റ് കമ്മി സാക്ഷാത്ക്കരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി വ്യക്തമാക്കി.

