യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത വസ്തുക്കൾ കസ്റ്റംസ് പിടിച്ചെടുത്തു
അബുദാബി : യു.എ.ഇയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 4404−ഓളം വസ്തുക്കൾ കസ്റ്റംസ് അധികൃതർ പിടികൂടി. ഈ വർഷം ആദ്യപകുതിയിലാണ് ഇത്രയധികം സാധനങ്ങൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ലഹരിമരുന്നുകൾ, പുകയില ഉൽപ്പന്നങ്ങൾ, പണം തുടങ്ങി നിരവധി നിരോധിതവസ്തുക്കൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. കസ്റ്റംസ് വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും കൂട്ടായ ശ്രമഫലമായാണ് നിയമവിരുദ്ധമായി അതിർത്തികടത്താനുള്ള പല ശ്രമങ്ങളും തടയാൻ കഴിഞ്ഞതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആക്ടിംങ് ഡയറക്ടർ ജനറൽ മുഹമ്മദ് ഖദീം അൽ ഹമേലി പറഞ്ഞു. ലോകോത്തര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും പരിശോധനക്കായുള്ള തെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി അന്താരാഷ്ട്ര വിമാനത്താവത്തിൽ നിന്നാണ് കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്. 1,740 കള്ളക്കടത്ത് ശ്രമങ്ങളാണ് വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് കണ്ടെത്തിയത്. മെസിയാദ് കസ്റ്റംസ് കേന്ദ്രം 776 ഓളം കള്ള ക്കടത്ത് ശ്രമം തടഞ്ഞു. അബുദാബി സെൻട്രൽ പോസ്റ്റ് കസ്റ്റംസ് കേന്ദ്രം 570 കള്ളക്കടത്ത് ശ്രമങ്ങൾ കണ്ടെത്തി. സെൻട്രൽ പോസ്റ്റ് കസ്റ്റംസ് കേന്ദ്രം 335 ഓളം ശ്രമങ്ങൾ വിഫലമാക്കി.
കൊക്കെയ്ൻ, ഓപിയം, കഞ്ചാവ്, പോപ്പി സീഡ്, ട്രമഡോൾ, കാപ്റ്റഗൺ തുടങ്ങിയ ഗുളികകൾ എന്നിവ അതിർത്തി കടത്തിയെത്തിക്കാൻ ശ്രമിച്ച ലഹരിവസ്തുക്കളിൽ ഉൾപ്പെടും. 26 അനധികൃത എമിഗ്രേഷൻ ശ്രമങ്ങളും അനധികൃതമായി രാജ്യത്തെത്തിയ 35 പേരെയും കസ്റ്റംസ് പിടിച്ചു.
രേഖകളില്ലാതെ വ്യാവസായിക ആവശ്യങ്ങൾക്കായി പലതരം ഉൽപ്പന്നങ്ങൾ കടത്താനുള്ള 80 ശ്രമങ്ങൾ വിവിധ പരിശോധനാ കേന്ദ്രങ്ങളിലായി തടഞ്ഞു. വിലയിലും തൂക്കത്തിലും വ്യത്യാസം വരുത്തി വ്യാജരേഖകൾ ചമച്ചാണ് പലശ്രമങ്ങളും നടന്നത്. പണംകടത്താനുള്ള ഇരുപതോളം ശ്രമങ്ങൾ കസ്റ്റംസ് വിഫലമാക്കി. ഇതിൽ എട്ടെണ്ണം അബുദാബി വിമാനത്താവളത്തിലും ആറെണ്ണം ഖദം അൽ ശഖ്ല കസ്റ്റംസ് കേന്ദ്രത്തിലും ഗുവൈഫത്, മദീഫ് കേന്ദ്രങ്ങളിൽ മൂന്നെണ്ണം വീതവുമാണ് നടന്നത്.
42 ഓളം മദ്യക്കടത്തും 40 ഓളം പുകയില ഉൽപ്പന്നങ്ങളുടെ കടത്തും 427 ഓളം അംഗീകൃത ഡോക്ടറുടെ കുറിപ്പില്ലാത്ത മരുന്നുകൾ കടത്താനുള്ള ശ്രമവും തടഞ്ഞു.

