തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ ഖത്തർ ലഘൂകരിക്കുന്നു
ദോഹ : ഖത്തറിൽ തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ ലഘൂകരിക്കുന്നു. വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായാണ് അധികൃതരുടെ നടപടി. ഇതുസംബന്ധിച്ച് സർക്കാർ പുതിയ കരട് നിയമം പുറത്തിറക്കി. കരട് നിയമത്തിന് അമീർ അംഗീകാരം നൽകിയിട്ടുണ്ട്. തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിവരുന്ന കാലതാമസം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയകരട് നിയമത്തിന് സർക്കാർ രൂപം നൽകിയത്.
തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന് കീഴിൽ തൊഴിൽ തർക്ക പരിഹാര സമിതികൾ എന്ന പേരിൽ ജുഡീഷ്യൽ സമിതിക്ക് രൂപം നൽകും. തൊഴിലുടമക്കെതിരെ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ തൊഴിലാളി തന്റെ പരാതി തൊഴിലുടമയെ നേരിട്ട് അറിയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഏഴ് ദിവസത്തിനുള്ളിൽ തൊഴിലുടമ പ്രതികരിച്ചില്ലെങ്കിൽ മാത്രമേ മന്ത്രാലയത്തിലെ തൊഴിൽ വകുപ്പിൽ പരാതി നൽകാൻ പാടുള്ളൂ. മന്ത്രാലയത്തിൽ നിന്ന് ഏഴു ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ തൊഴിലാളിക്ക് തൊഴിൽ തർക്ക പരിഹാര സമിതിയെ സമീപിക്കാം. നിയമം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്ല്യത്തിൽ വരും.
തൊഴിലുടമക്കെതിരെ തൊഴിലാളികൾ വ്യക്തിപരമായി സമർപ്പിക്കുന്ന പരാതികളാണ് സമിതിയുടെ പരിധിയിൽ വരിക. തർക്കങ്ങൾ പരമാവധി രമ്യമായി പരിഹരിക്കാനായിരിക്കും സമിതി ശ്രമിക്കുക. തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ ഇരുകക്ഷികളുടേയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും പരിഹാരം നിർദ്ദേശിക്കുക. അതേസമയം മൂന്നാഴ്ചക്കകം പരാതിയിൽ പരിഹാരം കണ്ടെത്തണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. സമിതിയുടെ തീരുമാനം റദ്ദാക്കാനുള്ള അധികാരം അപ്പീൽ കോടതികൾക്ക് മാത്രമായിരിക്കും.
സമിതിയുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട അധികൃതർ വേഗത്തിൽ നടപ്പാക്കണമെന്നും നിയമം നിർദ്ദേശിക്കുന്നു. തൊഴിലുടമ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണെങ്കിൽ മാത്രം തൊഴിലാളിക്ക് നേരിട്ട് തർക്ക പരിഹാര സമിതിയിൽ പരാതിനൽകാവുന്നതാണ്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് നിയമാനുസൃതമല്ലെന്ന് കമ്മിറ്റി കണ്ടെത്തിയാൽ തൊഴിലാളിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള അവകാശവും സമിതിക്കുണ്ടായിരിക്കും. പുറത്താക്കപ്പെട്ടതിനെ തുടർന്ന് നഷ്ടമായ മുഴുവൻ ആനുകൂല്ല്യങ്ങളും സമിതി വഴി തൊഴിലുടമ തൊഴിലാളിക്ക് നൽകണം.

