ഹജ്ജ് തീർത്ഥാടകർക്കായി ഖത്തർ അതിർത്തി തുറക്കാൻ സൽമാൻ രാജാവിന്റെ നിർദ്ദേശം
റിയാദ് : ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കായി സൗദി−-ഖത്തർ അതിർത്തി തുറക്കാനും, ദോഹയിൽ നിന്നും സൗദി എയർലൈൻസ് സർവ്‍വീസ് നടത്താനും സൽമാൻ രാജാവ് നിർദ്ദേശിച്ചു. ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി അതിർത്തി തുറക്കാനുള്ള കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥന സൽമാൻ രാജാവ് അംഗീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിദ്ദയിൽ വെച്ച് സൗദി കിരീടാവകാശിയുമായി ഖത്തർ പ്രതിനിധി ഷെയ്ഖ് അബ്ദുള്ള ബിൻ അലി ബിൻ അബ്ദുള്ള ബിൻ ജാസിം അൽതാനി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയെ തുടർന്നാണ് ഈ നടപടി.
സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിനോട് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് സൗദിയിലെ സൽവാ അതിർത്തി അടച്ചത്. സൗദി എയർലൈൻസ് വിമാനത്തിൽ ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ കൊണ്ട് വരാനും സൽമാൻ രാജാവ് നിർദ്ദേശം നൽകി. സൽമാൻ രാജാവിന്റെ ചെലവിലായിരിക്കും ദോഹയിൽ നിന്നും തീർത്ഥാടകരെ ജിദ്ദാ വിമാനത്താവളത്തിൽ എത്തിക്കുക.
സൽവാ അതിർത്തി വഴി വരുന്നവർക്ക് ദമാം, അൽ ഹസ വിമാനത്താവളങ്ങളിൽ നിന്ന് ജിദ്ദയിലേക്ക് വരാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഹജ്ജ് വിസ ഇല്ലാതെ തന്നെ ഖത്തർ പൗരന്മാർക്ക് ഹജ്ജിനുള്ള അനുമതി നൽകാനുള്ള നിർദ്ദേശവും സൽമാൻ രാജാവ് അംഗീകരിച്ചു.
ഉപരോധം തുടരുന്നുണ്ടെങ്കിലും സൗദി രാജാവിന്റെ അതിഥികളായി ഹജ്ജ് നിർവ്വഹിക്കുന്നവരുടെ കൂട്ടത്തിൽ ഖത്തർ പൗരന്മാരെയും ഉൾപ്പെടുത്തിയിരിക്കുകയാണ് ഇത്തവണ. സൗദിയുമായി ഖത്തറിന് ചരിത്രപരമായ സാഹോദര്യ ബന്ധമാണ് ഉള്ളതെന്ന് അബ്ദുള്ള അൽതാനി പറഞ്ഞു. നയതന്ത്ര പ്രശ്‌നങ്ങൾ ഹജ്ജ് ഉംറ തീർത്ഥാടകരെ ബാധിക്കില്ലെന്ന് നേരത്തെ സൗദി വ്യക്തമാക്കിയിരുന്നു.

