തീർത്ഥാടകർക്ക് മികച്ച ആരോഗ്യ സേവനമൊരുക്കി ഇന്ത്യൻ ഹജ്ജ് മിഷൻ
റിയാദ് : ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് മികച്ച ആരോഗ്യ സേവനമൊരുക്കി ഇന്ത്യൻ ഹജ്ജ് മിഷൻ. മുന്നൂറ്റിയന്പതംഗ മെഡിക്കൽ സംഘമാണ് തീർത്ഥാടകരുടെ സേവനത്തിനായി ഇന്ത്യയിൽ നിന്നും സൗദിയിൽ എത്തിയിരിക്കുന്നത്. മികച്ച ആരോഗ്യ സേവനമാണ് ഇവർ ഇന്ത്യന തീർത്ഥാടകർക്ക് നൽകുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രികൾ മക്കയിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലെയും വിദഗ്ദ്ധരായ ഡോക്ടർമാർ ഇവിടെ സേവനം ചെയ്യുന്നുണ്ട്. കനത്ത ചൂടിലായിരിക്കും ഇത്തവണത്തെ ഹജ്ജ് എന്നതിനാൽ എല്ലാ മുൻകരുതലുകളും മെഡിക്കൽ വിഭാഗം സ്വീകരിച്ചിട്ടുണ്ട്. മതിയായ ആംബുലൻസുകളും മെഡിക്കൽ വിഭാഗം ഒരുക്കിയിട്ടുണ്ട്. മദീന, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മെഡിക്കൽ സേവനം ലഭ്യമായിരിക്കും.
കൂടുതലും പ്രമേഹരോഗികൾ ആണ് വരുന്നത്. ഇവരെ നേരത്തെ മതിയായ ചികിത്സ നൽകി ഹജ്ജ് നിർവ്‍വഹിക്കാൻ പ്രാപ്തരാക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ സേവനത്തിനായി 170 ഡോക്ടർമാരും 180 പാരാമെഡിക്കൽ ജീവനക്കാരുമാണ് ഡെപ്യൂട്ടേഷനിൽ ഇന്ത്യയിൽ നിന്നും എത്തിയിട്ടുള്ളത്.
ഏതാണ്ട് മൂന്നു കോടി രൂപയുടെ മരുന്നുകളും കൊണ്ടുവന്നിട്ടുണ്ട്. തീർത്ഥാടകരിൽ കൂടുതലും മക്കയിലെ അസീസിയ കാറ്റഗറിയിൽ ആയതിനാൽ മെഡിക്കൽ സംഘത്തിന്റെ സേവനം പ്രധാനമായും അസീസിയ കേന്ദ്രീകരിച്ചാണ്. നാൽപ്പത് കിടക്കകളുള്ള ആശുപത്രിയും മുപ്പത് കിടക്കകളുള്ള ആശുപത്രിയും ഇന്ത്യൻ ഹാജിമാർക്കായി അസീസിയയിൽ പ്രവർത്തിക്കുന്നു. ഓരോ ദിവസവും നൂറുക്കണക്കിനു തീർത്ഥാടകരാണ് ഈ ആശുപത്രികളിൽ എത്തുന്നത്.

