സൗദിയിൽ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു : രണ്ട് പേർ കീഴടങ്ങി
ദമാം : ദമാമിലെ സൈഹാത്തിൽ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും പിടികിട്ടാപ്പുള്ളികളായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച രണ്ട് ഭീകരർ ദമാം ഗവർണർ മുന്പാകെ കീഴടങ്ങുകയും ചെയ്തു. ബന്ധുക്കളുടെ ശ്രമമാണ് ഇവരെ കീഴടങ്ങാൻ പ്രേരിപ്പിച്ചത്. ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിച്ച സുരക്ഷാവകുപ്പ് ഏറ്റുമുട്ടലിലാണ് ഇവരെ കീഴടക്കിയത്. ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. സുരക്ഷാ സൈനികർക്ക് നേരേ ഭീകരർ നിരന്തരം വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് ഭീകരർ അറസ്റ്റിലായി. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. ഭീകരപ്രവർത്തനം നടത്തിയതിന് അഞ്ച് വർഷം മുന്പ് ആഭ്യന്തരമന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ച രണ്ടുപേരാണ് കീഴടങ്ങിയവർ. റംസി മുഹമ്മദ് അബ്ദുല്ല അൽജമാൽ, അലി ഹസൻ അഹ്്മദ് അൽസൈദ് എന്നിവരാണ് ബന്ധുക്കൾക്ക് ഒപ്പം ദമാം പ്രവിശ്യാ ഗവർണറേറ്റിലെത്തി കീഴടങ്ങിയത്.
മൂന്നാഴ്ച മുന്പ് സൈഹാത്തിൽ മൂന്ന് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.അൽ സുഹൂറിൽ നടന്ന ഏറ്റുമുട്ടലിൽ ജഅ്ഫർ അൽ മുബൈരിക്, സ്വാദിഖ് അൽദർവേശ്, ഹസൻ അബൂ അബ്ദുല്ല എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഭീകരർ നടത്തിയ ആക്രമണത്തിൽ സ്വദേശി പൗരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽമുസവ്വറയിലെ വീടുകളിൽ നിന്ന് മാറിത്താമസിക്കുന്നതിന് പ്രദേശവാസികളെ കൊണ്ടുപോയ ബസ്സിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്.

