റാസ് അൽ ഖൈമയിൽ ഉപേക്ഷിച്ച 71 വാഹനങ്ങൾ കണ്ടുകെട്ടി
റാസ് അൽ ഖൈമ : റാസ് അൽ ഖൈമയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 71 വാഹനങ്ങൾ പിടിച്ചെടുത്തു. ദീർഘകാലം നിയമങ്ങൾ ലംഘിച്ചു പൊതു ഇടങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങളാണ് മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തത്. റാക് മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് ഇവ. നഗരത്തിന്റെ സുന്ദര, സുരക്ഷിത പ്രതിച്ഛായയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകൾ അനുവദിക്കനാവില്ലന്ന് പൊതുജനാരോഗ്യ വകുപ്പിലെ ആക്ടിംഗ് മാനേജർ ഷൈമാ അൽ അൻ തുൻജിയി പറഞ്ഞു. പരിസര മലിനീകരണവും പ്രകൃതിനാശവും വരുത്തി വെക്കുന്ന ഇത്തരം രീതികൾ തടയാൻ വേണ്ട കർശന നടപടികൾ സ്വീകരിച്ചതായും അവർ കൂട്ടിച്ചേർത്തു.
എമിറേറ്റിലെ എല്ലാ മേഖലകളിൽനിന്നും അനധികൃതമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ഡിപ്പാർട്ടുമെന്റിന് ലഭിച്ചിട്ടുണ്ട്. തെരുവിലെ ഭക്ഷണങ്ങൾ വിൽക്കുന്ന 11 വാഹനങ്ങൾ ജൂണിൽ പിടിച്ചെടുത്തിരുന്നു. അടുത്തുള്ള എമിറേറ്റുകളിൽ നിന്ന് വരുന്നവർ, ലൈസൻസ് ലഭിക്കാത്തവർ, എന്നിങ്ങനെ അപകടത്തിൽപ്പെട്ടവരും അല്ലാത്തവരുമായ നിരവധി പേർ വാഹനങ്ങൾ ഉപേക്ഷിച്ചു കടന്നു കളയുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെഎണ്ണം പൊതുവേ വേനൽക്കാലത്ത് വർദ്ധിക്കുകയാണ്. പലപ്പോഴും ട്രാഫിക് അപകടങ്ങളിൽ ഉൾപ്പെട്ട പല വാഹനങ്ങളും റിപ്പയർ ചെയ്യാൻ ചിലവ് കൂടുതലാണ്. വാഹനങ്ങൾ മിക്കവയും ഉടമസ്ഥർ ഉപേക്ഷിച്ചിരിക്കുന്നത് ഓട്ടോമൊബൈൽ വർക് ഷോപ്പ് പരിസരങ്ങളിലാണ്. ഈ വാഹനങ്ങൾ ശരിയാക്കിയാലും ഉടമകൾ ഒരിക്കലും വാഹനങ്ങൾ തിരിച്ചെടുക്കാൻ വരില്ല, കാരണം അവയിൽ മിക്കതും പഴയ മോഡലുകളാണ് എന്നതാണ്. പൊതുനിരത്തിലോ ചുറ്റുവട്ടത്തോ സ്ക്രാപ്പ് വാഹനങ്ങൾ ഉപേക്ഷിക്കാൻ പാടില്ല. ഇത്തരം പിഴവുകൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

