15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടു; മുഹർറം ഘോഷയാത്രയിൽ വിഷഗുളിക വിതരണം ചെയ്ത പ്രതി അറസ്റ്റിൽ


ഷീബ വിജയൻ

മുംബൈ നഗരത്തിൽ മുഹർറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരി എന്ന വ്യാജേന എലിവിഷം നിറച്ച കാപ്സ്യൂളുകൾ വിതരണം ചെയ്ത കേസിൽ പുണെ സ്വദേശിയായ ഫയാസ് പ്രേംജി (39) ശനിയാഴ്ച അറസ്റ്റിലായി. താൻ ഒരു 'എക്സ് മുസ്‍ലിം' ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ, ഘോഷയാത്രയിൽ പങ്കെടുത്ത 15,000 പേരെയെങ്കിലും കൊല്ലാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസിന് മൊഴി നൽകി. പ്രതി വിതരണം ചെയ്ത ഗുളികകൾ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

ആശൂറ ഘോഷയാത്രയ്ക്കിടെ പ്രതി സംശയാസ്പദമായ രീതിയിൽ ഗുളികകൾ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട മൂന്ന് വനിതാ സന്നദ്ധപ്രവർത്തകർ ഇയാളെ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ലൗഡ്‌സ്പീക്കറിലൂടെ ഗുളിക കഴിക്കരുതെന്ന് ഇവർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ ഗുളികകളിൽ എലിവിഷമായി ഉപയോഗിക്കുന്ന മാരകമായ സിങ്ക് ഫോസ്ഫൈഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന പതിനാലായിരത്തോളം ഗുളികകൾ പോലീസ് പിടിച്ചെടുത്തു. കൂടാതെ വലിയ തോതിൽ ഒഴിഞ്ഞ ക്യാപ്സ്യൂളുകളും വിഷപദാർത്ഥങ്ങളും ഇയാൾ ഓർഡർ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതിയുടെ മുൻകാല യാത്രകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ഇയാൾ നിരവധി തവണ ഇറാനും ഇറാഖും സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 19 തവണ ഇവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ ആശയവിനിമയങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

article-image

DSDSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed