കേപ് വെർഡെ ടീം ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ ലൈംഗികാരോപണം; ലോകകപ്പ് കുതിപ്പിനിടെ അപ്രതീക്ഷിത തിരിച്ചടി
ഷീബ വിജയൻ
ലോകകപ്പ് ഫുട്ബോളിൽ അവിശ്വസനീയമായ മുന്നേറ്റം നടത്തുന്ന കേപ് വെർഡെ ടീമിന് അപ്രതീക്ഷിത തിരിച്ചടിയായി ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ ലൈംഗികാരോപണം ഉയർന്നു. ടീമിന്റെ ബ്രസീലിയൻ വിവർത്തകയാണ് ക്യാപ്റ്റനെതിരെ ഗുരുതരമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വർഷം മാർച്ചിൽ ന്യൂസിലൻഡിലെ ഓക്‍ലൻഡിൽ നടന്ന സൗഹൃദ മത്സരങ്ങൾക്കിടെ മെൻഡസ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ചിലിയുമായുള്ള മത്സരത്തിന് ശേഷം ഒഫീഷ്യൽ മീറ്റിംഗ് ആണെന്ന് പറഞ്ഞ് ക്യാപ്റ്റൻ തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഔദ്യോഗിക കൂടിക്കാഴ്ചയല്ലെന്ന് മനസ്സിലായതോടെ താൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും, പിന്നീട് താൻ താമസിക്കുന്ന മുറിയിലെത്തി വാതിലിൽ മുട്ടുകയും ബലമായി അകത്തുകയറി ആക്രമിക്കുകയുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ആക്രമണത്തിൽ പരിക്കേറ്റതിന്റെ ചിത്രങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ഫോറൻസിക് പരിശോധനാ ഫലങ്ങളും തെളിവായി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. മാനസികമായി തളർന്ന തനിക്ക് ഫുട്ബോൾ അധികൃതരിൽ നിന്ന് കൃത്യമായ പിന്തുണ ലഭിച്ചില്ലെന്നും പരാതിയിലുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ന്യൂസിലൻഡ് പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചുവരികയാണ്. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയും നിലവിൽ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ടർക്കിഷ് ക്ലബ് താരവും കേപ് വെർഡെയുടെ ചരിത്രപരമായ മുന്നേറ്റത്തിലെ നിർണായക സാന്നിധ്യവുമായ റയാൻ മെൻഡസ് നിലവിൽ ടീമിനൊപ്പം തുടരുന്നുണ്ടെങ്കിലും ഈ വിവാദം നോക്കൗട്ട് മത്സരങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ.
qSASWADSASWD

