മലയാളി ഗവേഷണ മികവിന് അന്താരാഷ്ട്ര അംഗീകാരം; ആഗോള ശാസ്ത്രജ്ഞരുടെ റാങ്കിംഗിൽ നാല് കുഫോസ് താരങ്ങൾ
ഷീബ വിജയൻ
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലർ ഡോ. എ. ബിജുകുമാറും മൂന്ന് അധ്യാപകരും 2025-ലെ ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി. ഡോ. രാജീവ് രാഘവൻ, ഡോ. ഗിരീഷ് ഗോപിനാഥ്, ഡോ. രാധിക രാജശ്രീ എന്നിവരാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച മറ്റ് അധ്യാപകർ. സർവകലാശാലയുടെ അന്താരാഷ്ട്ര ഗവേഷണ മികവും അക്കാദമിക് നിലവാരവും കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ അംഗീകാരം.
വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ ഇന്ത്യയിലെ പ്രമുഖ ജലജീവശാസ്ത്രജ്ഞനും മത്സ്യശാസ്ത്രജ്ഞനുമാണ്. മുപ്പതോളം പുസ്തകങ്ങളും മുന്നൂറിലധികം ഗവേഷണ പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. രാജീവ് രാഘവനാണ് കുഫോസിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്ക് നേടിയത്. 25-ലധികം പുതിയ സ്പീഷീസുകളും ആറ് പുതിയ ജനുസുകളും കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാട്ടിക് ഇക്കോ സിസ്റ്റം വിഭാഗം മേധാവിയായ ഡോ. ഗിരീഷ് ഗോപിനാഥ്, കൃത്രിമബുദ്ധിയുടെ സഹായത്തോടെ കേരളത്തിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകൾ മാപ്പ് ചെയ്യുന്നതിലും ഹൈപ്പർസ്പെക്ട്രൽ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും നേതൃത്വം നൽകിയ വ്യക്തിയാണ്. ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റി ഡീനായ ഡോ. രാധിക രാജശ്രീ, നിതി ആയോഗിന്റെ ധനസഹായത്തോടെ കുഫോസിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ മത്സ്യമേഖലാ അടൽ ഇൻകുബേഷൻ സെന്ററിന്റെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ്.
DSACDSDS

