തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്; ഹാജർ രജിസ്റ്ററിനായി പിടിവലി
ഷീബ വിജയൻ
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ ബിജെപി, യുഡിഎഫ് അംഗങ്ങൾ തമ്മിൽ കടുത്ത കൈയാങ്കളി നടന്നു. കാപ്പാ കേസ് പ്രതിയായ ആർ. സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങളും എത്തിയതോടെ പ്രതിഷേധം കൂട്ടത്തല്ലായി മാറുകയായിരുന്നു. കൗൺസിലർമാരുടെ ഈ പ്രതിഷേധത്തിനിടയിൽ അജണ്ടകൾ മുഴുവൻ വേഗത്തിൽ പാസാക്കി യോഗം അവസാനിപ്പിച്ചതായി മേയർ വി.വി. രാജേഷ് അറിയിച്ചു. ഇതിനുപിന്നാലെ ബിജെപി, എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഇതിനിടയിലാണ് കൗൺസിലർമാരുടെ ഹാജർ രജിസ്റ്റർ കൈക്കലാക്കാനായി ഇരുവിഭാഗങ്ങളും തമ്മിൽ കടുത്ത പിടിവലിയുണ്ടായതും രജിസ്റ്റർ കീറിയെറിയാൻ ശ്രമം നടന്നതും. കൗൺസിൽ ഹാളിനുള്ളിലെ സംഘർഷം കോർപ്പറേഷൻ ഓഫീസിന് പുറത്തേക്കും വ്യാപിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ചെമ്പഴന്തി ഉദയൻ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നും രേഖകൾ പിടിച്ച് വാങ്ങാൻ ശ്രമിച്ചെന്നുമാണ് പരാതി. കൂടാതെ ബിജെപി അംഗങ്ങൾ ഹാജർ ബുക്ക് ബലമായി പിടിച്ച് വാങ്ങിയെന്നും യുഡിഎഫ് ആരോപിക്കുന്നു.
qswdefsdesf

