സൗദിയിൽ മൂന്ന് വർഷത്തിനിടെ തൊഴിൽ മാറിയത് എട്ട് ലക്ഷം വിദേശികൾ
റിയാദ് : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൗദിയിൽ എട്ടുലക്ഷം വിദേശികൾ തൊഴിൽ മാറിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം 1,70,452 വിദേശികളാണ് ജോലിമാറ്റിയത്. 2015−ൽ 2.31 ലക്ഷവും 2014−ൽ 4.03 ലക്ഷം വിദേശികളും ഇത് മാറ്റിയിരുന്നു. ഇവരിൽ 71 ശതമാനവും റിയാദ്, മക്ക, ദമാം പ്രവിശ്യകളിൽ ലി ചെയ്യുന്നവരാണെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ മാറിയവരിൽ 65 ശതമാനവും ഏഷ്യൻ വംശജരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ വിപണിയിൽ നിയന്ത്രണവും സ്വദേശിവൽക്കരണവും ശക്തമായതോടെ പ്രൊഫഷൻ മാറുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷം 26 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശി എൻജിനീയർമാർക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരം ലഭ്യമാക്കുന്നതിന് വിദേശി എൻജിനീയർമാരുടെ പ്രൊഫഷൻ മാറ്റിനൽകുന്നില്ല. ലേബർ വിസയിൽ സൗദിയിലെത്തി പ്രൊഫഷൻ മാറ്റി ഉയർന്ന ജോലി തേടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് വിദേശികൾക്ക് എൻജിനീയർ പ്രൊഫഷനിലേക്ക് മാറ്റം അനുവദിക്കേണ്ടെന്ന് മന്ത്രാലയം തീരുമാനിച്ചത്.
രാജ്യത്തെ രണ്ടുലക്ഷം എൻജിനീയർമാരിൽ 90 ശതമാനവും വിദേശികളാണ്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് നിരവധി പദ്ധതികൾ അടുത്തകാലത്ത് നടപ്പാക്കിയിട്ടുണ്ട്. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ മേഖലകളിലേക്ക് വിദേശികളെ റിക്രൂട്ട്‌മെന്റിന് വിസ അനുവദിക്കുന്നില്ല. വർക്ക് പെർമിറ്റ് പുതുക്കുന്നതും സ്‌പോൺസർഷിപ്പ് മാറ്റുന്നതും നിർത്തിവെച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

