സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന : 52898 നിയമ ലംഘനങ്ങൾ കണ്ടെത്തി
റിയാദ് : തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് 52898 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം നടത്തിയവരെ അറസ്റ്റ് ചെയ്തതായി സൗദി തൊഴിൽ − സാമൂഹ്യ വികസന മന്ത്രാലയം വെളിപ്പെടുത്തി. സൗദിയിലുട നീളം 141827 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ പത്ത് മാസങ്ങൾക്കിടയിൽ മന്ത്രാലയം പരിശോധന നടത്തിയത്.
സ്വകാര്യ തൊഴിൽ നിയമങ്ങളും, കാലാകാലങ്ങളിൽ മന്ത്രാലയം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങങ്ങളും പൂർണമായി നടപ്പിലാവുന്നുണ്ടെന്നും ലംഘനങ്ങൾ ഇല്ലെന്നും ഉറപ്പു വരുത്താനുള്ള പരിശോധനകൾ ഊർജിതമായി തുടരുമെന്നും മന്ത്രാലയം ഔദ്യോഗിക വ ക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. കുറ്റാക്കാർക്കു നിയമാനുസൃതമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിലും കുറ്റക്കാരായ തൊഴിലാളികളെയും തൊഴിൽ ഉടമകളെയും പിടികൂടുന്നതിലും യാതൊരു വിലോപവും വരുത്തുകയില്ല. പരിശോധനയിൽ തൊഴിൽ മന്ത്രാലയത്തിന് പുറമെ ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങളും സർക്കാർ കേന്ദ്രങ്ങളും ഏജൻസികളും പങ്കെടുക്കുന്നുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ വിവരം അറിയിക്കുന്നതിന് പ്രത്യേക ഫോൺ നന്പറുകളും, സ്മാർട് ഫോൺ വഴിയുള്ള കമ്മ്യൂണിക്കേഷനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

