ഹജ്ജ് തീർത്ഥാടനം ഖത്തർ രാഷ്ട്രീയവൽക്കരിക്കുന്നു : സൗദി
റിയാദ് : ഹജ്ജ് തീർത്ഥാടനത്തെ ഖത്തർ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണവുമായി സൗദി അറേബ്യ രംഗത്ത്. ഖത്തറിന്റെ ഇത്തരത്തിലുള്ള ശ്രമം നിരാശാജനകമാണെന്ന് സൗദി സാംസ്കാരിക− വിനിമയ വകുപ്പ് മന്ത്രി ഡോ. അവാദ് അൽ അവാദ് പറഞ്ഞു. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഹജ്ജിനെ ദുരുപയോഗിക്കാനാണ് ഖത്തർ ശ്രമിക്കുന്നത്. ഇതിന് മുന്പ് ഇറാൻ മാത്രമാണ് ഹജ്ജിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചതെന്ന് ഡോ. അവാദ് അൽ അവാദ് പറഞ്ഞു. എന്നാൽ ഇറാൻ പരാജയപ്പെടുകയായിരുന്നു.
ഹജ്ജ് തീർത്ഥാടകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്താൻ സൗദി അറേബ്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവാദ് പറഞ്ഞു. ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ ഒഴികെയുള്ള ജി.സി.സി സാംസ്കാരിക വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ. അവാദ്.
ഖത്തർ ഗൂഢലക്ഷ്യത്തോടെ മാധ്യമ പ്രചാരണങ്ങൾ നടത്തുകയാണ്. ഇത് നേരിടുന്നതിന് സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ, കുവൈത്ത് രാജ്യങ്ങൾ നിലപാട് ഏകോപിപ്പിക്കും. ഇതിനാണ് ഇൻഫർമേഷൻ മന്ത്രിമാർ യോഗം ചേർന്നത്. നേരത്തെ കെയ്റോയിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയാണിതെന്നും ഡോ. അവാദ് അൽ അവാദ് പറഞ്ഞു.
ദൈവത്തിന്റെ അതിഥികളായി എത്തുന്ന തീർത്ഥാടകർക്ക് സേവനം നൽകുന്ന കാര്യത്തില് വിജയമം മാത്രമാണ് സൗദി അറേബ്യയുടെ ചരിത്രത്തിൽ ഉള്ളത്. ഖത്തർ തീർത്ഥാടകരോട് ഒരു വിവേചനവും ഇല്ല. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഖത്തറിൽ നിന്നുള്ള തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നു.
ഹജ്ജ് നിർവ്വഹിക്കാനെത്തുന്ന ഖത്തർ പൗരന്മാർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ ആവശ്യമായ മുഴുവൻ സൗകര്യങ്ങളും പൂർത്തിയാക്കി. ഹജ്ജ് നിർവ്വഹിക്കുന്നതിൽ നിന്ന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി എന്നത് വ്യാജ പ്രചാരണമാണ്. ഇത് ഖത്തർ ജനത വിശ്വസിക്കരുതെന്നും മന്ത്രി പറഞ്ഞു.

