ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ്‌ - ഒമാൻ, മലയാള വിഭാഗം ഈ വർഷത്തെ സാംസ്കാരിക അവാർഡ്‌ പ്രഖ്യാപിച്ചു


മസ്കറ്റ് : ഒമാനിലെ പ്രമുഖ മലയാളി സംഘടനയായ ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ്‌ - മലയാള വിഭാഗം 2017 ലെ സാംസ്കാരിക അവാർഡ്‌ പ്രഖ്യാപിച്ചു. മലയാള സിനിമയിൽ തിരക്കഥാകൃത്ത്‌, ഗാനരചയിതാവ്‌, സംവിധായകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സത്യൻ അന്തിക്കാടാണ്‌ ഈ വർഷത്തെ സാംസ്കാരിക അവാർഡ്‌ ജേതാവ്‌.

സെപ്റ്റംബർ 21, 22, 23 തീയതികളിൽ മസ്കറ്റ്‌ റൂവി അൽഫലാജ്‌ ഹോട്ടൽ ആഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിൽ. ഒമാനിലെ അംബാസ്സഡർ ഇന്ദ്രമണി പാണ്ഡേ, ഒമാൻ മന്ത്രാലയത്തിൽനിന്നുള്ള വിശിഷ്ടാഥിതി എന്നിവരുടെ സാന്നിധ്യത്തിൽ മലയാള വിഭാഗം കൺവീനർ ഭാസ്കരൻ സത്യൻ അന്തിക്കാടിന്‌ അവാർഡ്‌ സമ്മാനിക്കും. ഓണാഘോഷത്തോടനുബന്ധിച്ച്‌ എല്ലാവർഷവും നടത്തിവരുന്ന മത്സരങ്ങൾ ആഗസ്റ്റ്‌ 18 നു ആരംഭിക്കുമെന്ന് സാംസ്കാരിക വിഭാഗം സെക്രട്ടറി മുരളീധരൻ അറിയിച്ചു. പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ആഗസ്റ്റ്‌ 11 നു മുമ്പായി സമർപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അൽഫലാജ്‌ ഹോട്ടലിൽ 3 ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷങ്ങളിൽ മുഖ്യാഥിതിയായി സത്യൻ അന്തിക്കാട്‌ പങ്കെടുക്കും.

ആദ്യ രണ്ടുദിനങ്ങളിലും സമ്മേളന നടപടികൾക്ക്‌ ശേഷം അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. മൂന്നാം ദിനം ഏകദേശം മൂവായിരം പേർക്കുള്ള വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ടെന്ന് വിനോദ കായിക വിഭാഗം സെക്രട്ടറി രഘുപ്രസാദ്‌ അറിയിച്ചു. വരുന്ന മാസങ്ങളിൽ രണ്ട്‌ വിപുലമായ പരിപാടികൾകൂടെ മലയാള വിഭാഗം ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ അറിയിച്ചു. നവംബർ 3 നു കേരളപ്പിറവി എന്ന മെഗാ പ്രോഗ്രാം അൽഫലാജ്‌ ഹാളിൽ വച്ച്‌ നടത്തും. കലോത്സവ വിജയികൾക്ക്‌ സമ്മാനങ്ങൾ അവിടെവച്ച്‌ നൽകും. 

കൂടാതെ ഒമാൻ കായിക മന്ത്രാലയവുമായി ചേർന്ന് ഒമാനിലെ എല്ലാ ഇൻഡ്യൻ സ്കൂൾ- കോളേജുകളിലെ കുട്ടികളെയും ഒമാനികളെയും. പങ്കെടുപ്പിച്ച്‌ “ ഒമാൻ ഇൻഡ്യ സ്പോർട്ട്സ്‌ മീറ്റ്‌“ എന്ന കായികമൽസരങ്ങളും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്‌. ഒമാനെ പ്രതിനിധീകരിച്ച്‌ അന്താരാഷ്ട്ര മൽസരങ്ങളിൽ പങ്കെടുത്തിട്ടുള്ള എല്ലാ ഇൻഡ്യൻ , ഒമാനി പ്രതിഭകളെയും പ്രസ്തുത ചടങ്ങിൽ ആദരിക്കും. ഒമാൻ ഒളിമ്പിക്‌ അസ്സോസിയേഷന്റെയും, ഇൻഡ്യൻ എംബസ്സിയുടെയും സഹകരണത്തോടെയാണ്‌ ഈ മെഗാ കായിക മൽസരങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്നത്‌. പത്രസമ്മേളനത്തിൽ കൺവീനർ ഭാസ്കരൻ, കോ. കൺവീനർ ഉണ്ണികൃഷ്ണൻ നായർ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, വിനോദ കായിക വിഭാഗം സെക്രട്ടറി രഘുപ്രസാദ്‌, വനിതവിഭാഗം സെക്രട്ടറി സിന്ദു സുരേഷ്‌, ജയകുമാർ എന്നിവരും പങ്കെടുത്തു.          

You might also like

  • Lulu Exchange
  • Straight Forward

Most Viewed