ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് സൗദി അറേബ്യ
റിയാദ് : ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മറ്റു തീർത്ഥാടകർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ഖത്തറിൽ നിന്നുള്ളവർക്കും ലഭിക്കും. ഖത്തർ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതായി സൗദി ഹജ്ജ് മന്ത്രാലയവും അറിയിച്ചു.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ഘട്ടത്തിൽ തീർത്ഥാടകരെ വിലക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. അതുകൊണ്ടുതന്നെഖത്തർ തീർത്ഥാടകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല.
ഖത്തർ തീർത്ഥാടകർക്ക് എപ്പോൾ വേണമെങ്കിലും ഉംറ നിർവ്വഹിക്കാൻ അവസരം ഉണ്ട്. സൗദി അറേബ്യ സന്ദർശിക്കുന്നതിന് ഖത്തർ തീർത്ഥാടകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഹജ്ജ് നിർവ്വഹിക്കാൻ എത്തുന്ന ഖത്തർ തീർത്ഥാടകർ സൗദി ഹജ്ജ്− ഉംറ മന്ത്രാലയത്തിന്റെയും ഖത്തർ ഹജ്ജ് വകുപ്പിന്റെയും അനുമതി പത്രം വാങ്ങണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
സൗദി അറേബ്യയിലേക്ക് യാത്രചെയ്യുന്ന ഖത്തർ തീർത്ഥാടകർ ഖത്തർ എയർവെയ്സ് ഒഴികെയുള്ള വിമാനങ്ങളെയാണ് ആശ്രയിക്കേണ്ടത്. ഖത്തർ തീർത്ഥാടകർക്ക് യാത്രയൊരുക്കുന്ന വിമാന കന്പനികൾ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി നേടിയിരിക്കണം. അതേസമയം ഖത്തറിൽ നിന്ന് റോഡ് മാർഗം തീർത്ഥാടരെ ഈ വർഷം അനുവദിക്കില്ല.
ഖത്തറിലെ ഇന്ത്യക്കാർ ഉൾപ്പെടെയുളള വിദേശികൾ റോഡ് മാർഗം ഹജ്ജ് നിർവ്വഹിക്കാൻ മുൻ വർഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ നയതന്ത്രബന്ധം വിച്ഛേദിച്ച പശ്ചാത്തലത്തിൽ റോഡ് മാർഗം തീർത്ഥാടകരെ അനുവദിക്കില്ല. ഖത്തറിന് അനുവദിച്ച ക്വാട്ട പ്രകാരമുള്ള ഹജ്ജ് തീർത്ഥാടകർക്ക് അവസരം നൽകുമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

