വേനല്‍ക്കാല തൊഴില്‍നിയന്ത്രണം തൊഴില്‍മന്ത്രി നിര്‍മ്മാണ സൈറ്റുകള്‍ സന്ദര്‍ശിച്ചു.


മനാമ : ബഹ്റൈനില്‍ ജൂലൈ ആഗസ്ത് മാസങ്ങളില്‍ ഉച്ച കഴിഞ്ഞ് തൊഴില്‍നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ഇന്നലെ ബഹ്റൈന്‍ തൊഴില്‍കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വിവിധ കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചു. മുന്നറിയിപ്പില്ലാതെ മന്ത്രി നടത്തിയ സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പം തൊഴില്‍ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. നിനച്ചിരിക്കാതെ സൈറ്റില്‍ മന്ത്രിയെ കണ്ട സന്തോഷത്തില്‍ തൊഴിലാളികളും ഉല്‍സാഹഭരിതരായി. തൊഴിലാളികളും സൈറ്റ് സൂപ്പര്‍വൈസര്‍മാരുമായി മന്ത്രി കുശലാന്വേഷണം നടത്തി.
 
ചൂട് കഠിനമാകുന്ന ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ തൊഴില്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ടതിന്‍റെ കാരണവും ലക്ഷ്യവും മന്ത്രി ഇവരെ പറഞ്ഞു മനസ്സിലാക്കി. തൊഴിലുടമകള്‍ സഹകരിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും താന്‍ സന്ദര്‍ശിച്ച എല്ലാ സൈറ്റുകളിലുള്ളവരും ഇതുമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.  തൊഴിലാളികളുടെ സുരക്ഷക്ക് തൊഴില്‍ മന്ത്രാലയം എന്നും പ്രഥമസ്ഥാനം നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ സുപ്രധാനപങ്കു വഹിക്കുന്ന തൊഴിലാളികളുടെ കാര്യത്തില്‍ മന്ത്രാലയം എപ്പോഴും ശ്രദ്ധാലുവായിരിക്കുമെന്നും ഇതുമായി സഹകരിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
തൊഴില്‍ നിരോധിച്ചിട്ടുള്ള മധ്യാഹനങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ തൊഴില്‍ മന്ത്രാലയം കര്‍ശന നടപടിയെടുക്കുന്നുണ്ട്.  ഇത് പ്രകാരം ജൂലൈ 1 മുതല്‍ 8 വരെയുള്ള ഒരാഴ്ചക്കിടെ 15 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി നേരത്തേവ്യക്തമാക്കിയിരുന്നു. ഈ 15 സ്ഥാപനങ്ങളില്‍നിന്നായി 33 തൊഴിലാളികളാണ് നിരോധിച്ച സമയത്ത് ജോലി ചെയ്തത്.  ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി ഇദ്ദേഹം അറിയിച്ചു.
 
നിയമലംഘനം നടത്താന്‍ ആരെയും അനുവദിക്കില്ല. 40 ഇന്‍സ്പെക്ടര്‍മാരെയാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റും പരിശോധനക്കായി മന്ത്രാലയം നിയോഗിച്ചിട്ടുള്ളതെന്നും സബാഹ് അല്‍ ദോസരി പറഞ്ഞു. നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 80008001 എന്ന ഹോട്ലൈന്‍ നമ്പറില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിരോധിച്ച സമയത്ത് തൊഴിലെടുക്കുവാന്‍ വളരെ അടിയന്തിര സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അനുവാദമുള്ളത്. അതും തൊഴില്‍മന്ത്രാലയത്തില്‍നിന്ന് നേരത്തേ അനുമതി വാങ്ങിയിരിക്കേണ്ടതാണ്. 
 
അതേസമയം ഈ നിരോധനം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും, പുറത്ത് സൂര്യതാപം നേരിട്ടേല്‍ക്കുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. ഹൗസിംഗ് പ്രൊജക്ടുകള്‍, ഫാക്ടറികള്‍, ക്ളീനിംഗ് കമ്പനികള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. 2007ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പിലാക്കിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed