നാട്ടിലേക്ക് മടങ്ങുന്ന സൗദി പ്രവാസികൾ അറിയാൻ
റിയാദ്: റിയാദ് - കോഴിക്കോട് സെക്ടറില്‍ പുതുതായി ആരംഭിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ബുക്കിംങ് ഒരാഴ്ചക്കകം ആരംഭിക്കുമെന്ന്
അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ നേരിട്ടുള്ള നാല് സര്‍വ്വീസുകളാണ് പ്രതിവാരം നടത്തുക. അതേ സമയം റിയാദില്‍ നിന്നും കൊച്ചി, തിരുവന്തപുരം ഉള്‍പ്പെടെയുള്ള സെക്ടറുകളിലേക്ക് എയര്‍ഇന്ത്യ നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 2 മുതലാണ് റിയാദ് കോഴിക്കോട് സെക്ടറില്‍ എയര്‍ഇന്ത്യ എക്സപ്രസ് സര്‍വ്വീസ് ആരംഭിക്കുക. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി
ദിവസങ്ങളിലാണ് സര്‍വ്വീസ്. ഉച്ചക്ക് 1.15നാണ് കോഴിക്കോടേക്കുള്ള വിമാനം. നൂറ്റി എണ്‍പത്തി അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന പുതിയ വിമാനമാണ് സര്‍വ്വീസ് നടത്തുകയെന്ന് എയര്‍ഇന്ത്യ റിയാദ് മാനേജര്‍ കുന്ദന്‍ലാല്‍ ഗോത്ത് വാല്‍ പറഞ്ഞു. മുപ്പത് കിലോ ലഗേജിന് പുറമെ അഞ്ചു ലിറ്റര്‍ സംസം വെള്ളവും സൌജ്യമായി കൊണ്ടുപോകാം.ബുക്കിംങ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം ടിക്കറ്റ് ബുക്കിംങ് ആരംഭിക്കും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് നിലവില്‍ നേരിട്ട് വിമാനമില്ലാത്തതിനാല്‍ മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പുതിയ സര്‍വ്വീസ് ഏറെ ഗുണകരമാവും. അതിനിടെ റിയാദില്‍ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിട്ടുണ്ട്. നികുതി ഉള്‍പ്പടെ കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 1400 റിയാലും തിരുവന്തപുരത്തേക്ക് 1540 റിയാലും നല്‍കിയാല്‍ മതി. ബോംബെ വഴിയോ ഡല്‍ഹി വഴിയോ രാജ്യത്ത് എവിടേക്കും യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

