വിദേശരാജ്യങ്ങളിലെ ഖത്തർ വീസ സെന്ററുകളിൽ ഉടൻ കുടുംബ വീസ സേവനങ്ങൾ തുടങ്ങും
വിദേശരാജ്യങ്ങളിലെ ഖത്തർ വീസ സെന്ററുകളിൽ ഉടൻ കുടുംബ വീസ സേവനങ്ങൾ തുടങ്ങും. നിലവിൽ തൊഴിൽ വീസ സേവനങ്ങൾ മാത്രമാണ് ഈ സെന്ററുകളിലുള്ളത്. കുടുംബ സന്ദർശക വീസ, മൾട്ടിപ്പിൾ എൻട്രി വീസ, കുടുംബ റസിഡൻസ് വീസ എന്നിവയും ഉടനെ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
വിദേശരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്മെന്റ് നടപടികൾ വേഗത്തിലാക്കാനാണ് ഖത്തർ വീസ സെന്ററുകൾ തുറന്നത്. ഏറ്റവും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 9 രാജ്യങ്ങളിൽ സെന്ററുകൾ തുറക്കുകയെന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ്, ഫിലിപ്പീൻസ് എന്നീ 6 രാജ്യങ്ങളിൽ നിലവിൽ സെന്ററുകളുടെ പ്രവർത്തനങ്ങൾ സജീവമാണ്. കെനിയ, തുനീസിയ, ഇന്തൊനീഷ്യ എന്നീ 3 രാജ്യങ്ങളിൽ കൂടി സെന്ററുകൾ തുറക്കും.
ഇന്ത്യയിൽ കൊച്ചി ഉൾപ്പെടെ 7 നഗരങ്ങളിലും പാക്കിസ്ഥാനിൽ 2 നഗരങ്ങളിലും സെന്ററുകളുണ്ട്. ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഓരോന്നുമാണുള്ളതെന്ന് ജനറൽ പാസ്‌പോർട്ട് ഡയറക്ടറേറ്റിലെ വീസ സപ്പോർട്ട് സർവീസ് വകുപ്പിലെ ടെക്‌നിക്കൽ സ്റ്റഡീസ് വിഭാഗം മേധാവി ക്യാപ്റ്റൻ ഖാലിദ് സലിം അൽ നുമാനി വ്യക്തമാക്കി. അപേക്ഷകന്റെ ഡേറ്റകൾ വിലയിരുത്തി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ് സെന്ററുകളിലെ ആദ്യ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ് 2 മുഖേന അപേക്ഷാനടപടികൾ പൂർത്തിയാക്കിയ ശേഷം വേണം വീസ സെന്ററുകളെ സമീപിക്കാൻ.
അപേക്ഷകന്റെ തൊഴിൽ കരാർ പരിശോധിക്കലാണ് രണ്ടാമത്തെ നടപടി. തൊഴിൽ കരാർ വായിച്ചു മനസ്സിലാക്കാനായി അതാത് രാജ്യങ്ങളിലെ പ്രാദേശിക ഭാഷയിലാണ് തയാറാക്കുന്നത്. ഓൺലൈൻ മുഖേന തൊഴിൽ കരാറിൽ ഒപ്പുവയ്ക്കും. അതിനു ശേഷം ഫിംഗർ പ്രിന്റ്, കൈപ്പത്തികളുടെ സ്‌കാനിങ്, ഫേഷ്യൽ ഇമേജ് ക്യാപ്ചർ, ഐറിസ് സ്‌കാൻ എന്നിവയ്ക്ക് വിധേയമാകാൻ നിർദേശിക്കും. എല്ലാ പരിശോധനകൾക്കും ശേഷം മുഴുവൻ രേഖകളും സമർപ്പിച്ചു കഴിഞ്ഞാൽ ബന്ധപ്പെട്ട വകുപ്പുകൾ രേഖകൾ പരിശോധിച്ച് സുരക്ഷാ പരിശോധനയും നടത്തിയ ശേഷമാണ് വീസ ഇഷ്യൂ ചെയ്യുന്നത്.
drydy

