ഇമാമുമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവർക്ക് ദുബൈ ഗോൾഡൻ വീസ നൽകും
മസ്ജിദുകളിലെ ഇമാമുമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ദുബായ് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തെ തുടർന്നാണിത്.
മുഫ്തിമാർ (ഇസ്‌ലാമിക നിയമജ്ഞർ), മുഅദ്ദിനുകൾ (ബാങ്ക് വിളിക്കുന്നയാൾ), പ്രബോധകർ എന്നിവർക്കും ദീർഘകാല വീസ ലഭിക്കും. ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞത് 20 വർഷമെങ്കിലും സേവനം അനുഷ്ഠിച്ചവർക്കാണ് ഗോൾഡൻ വീസയ്ക്ക് അർഹതയുള്ളത്. ആഗോള പ്രതിഭകളെയും നിക്ഷേപകരെയും മികച്ച വിദ്യാർഥികളെയും യുഎഇയിലേക്കു ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഗോൾഡൻ വീസ നൽകിവരുന്നത്.
റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മികച്ച പ്രതിഭകൾ, പുതിയ കണ്ടുപിടിത്തക്കാർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാ, സാഹിത്യ, സാംസ്കാരിക മേഖലയിലെ വിദഗ്ധർ എന്നിവർക്കാണ് തുടക്കത്തിൽ 5, 10 വർഷത്തെ ദീർഘകാല വീസ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒട്ടേറെ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു.
wet5e4

