സ്വദേ­ശി­ ഉൽ­പ്പന്നങ്ങളു­ടെ­ വി­ൽ­പ്പന ഉയർ­ത്താൻ പദ്ധതി­യു­മാ­യി­ ഖത്തർ


ദോഹ : സ്വദേശി ഉൽപ്പന്നങ്ങൾക്ക്‌ വിപണി വിഹിതം ഉയർത്താൻ ഖത്തർ ചേംബറുമായി സഹകരിച്ച്‌ ഊർജ, വ്യവസായ മന്ത്രാലയം മെയ്‌ഡ്‌ ഇൻ ഖത്തർ പ്രദർശനം സംഘടിപ്പിക്കുന്നു.  ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 14 മുതൽ 17വരെ ദോഹ എക്‌സിബിഷൻ ആൻഡ്‌ കൺവൻഷൻ സെന്ററിലാണ്‌ പ്രദർശനം നടക്കുകയെന്ന് ഊർജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ്‌ ബിൻ സലേഹ്‌ അൽ സാദാ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 300 സ്വദേശി കന്പനികളാണ്‌ പ്രദർശനത്തിലേക്ക്‌ റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രദർശനത്തിന്‌ ഏറെ പ്രാധാന്യമുണ്ടെന്ന്‌ അൽ സാദാ പറഞ്ഞു. 

എല്ലാ മേഖലകളിലും സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ്‌ സ്വദേശി ഉൽപ്പന്നങ്ങൾക്കു കൂടുതൽ വിപണി ഉറപ്പാക്കുന്നത്‌. ഉൽപ്പാദനം ഇരട്ടിയാക്കാനാണ്‌ എല്ലാ സ്വകാര്യമേഖലാ കന്പനികളോടും സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്‌. ദേശീയദിനാഘോഷങ്ങൾക്കൊപ്പമാണ്‌ ഈ എക്‌സിബിഷനും നടക്കുന്നതെന്നതിനാൽ ഇത്തവണ കൂടുതൽ വിൽപ്പന ഉറപ്പാക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമതുലിതമായ സാന്പത്തിക വികസനം ഉറപ്പാക്കാൻ സ്വകാര്യമേഖലയ്‌ക്ക്‌ കൂടുതൽ പങ്കാളിത്തമുറപ്പാക്കുന്ന നയമാണ്‌ സർക്കാരിന്റേത്‌. 

രാജ്യത്തിന്റെ ജി.ഡി.പി വളർച്ചയിൽ സ്വകാര്യമേഖലയുടെ പങ്ക്‌ ഉയർത്തുന്നതിന്‌ ഒട്ടേറെ പരിപാടികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്‌. വികസനപദ്ധതികളിൽ നിലവിലുള്ള 30 ശതമാനത്തിൽ നിന്ന്‌ സ്വദേശി ഉൽപ്പന്നങ്ങളുടെ തോത്‌ നൂറുശതമാനത്തിലേക്ക്‌ ഉയർത്താനാണ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി എല്ലാ മന്ത്രാലയങ്ങൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം. 

ഗുണമേന്മ നിലനിർത്തി പ്രാദേശിക വ്യാവസായിക ഉൽപാദനം ഉയർത്താൻ സ്വദേശി കന്പനികൾക്ക്‌ സർക്കാർ പ്രത്യേക സഹായം ലഭ്യമാക്കുന്നുണ്ട്‌. ഉൽപ്പാദനം വർദ്ധിക്കുന്നതിനനുസരിച്ച്‌ ഇവയ്‌ക്കു വിപണി ഉറപ്പാക്കുന്നതിനാണ്‌ വികസനപദ്ധതികളിൽ സ്വദേശി ഉൽപ്പന്നങ്ങളുടെ തോത്‌ നൂറുശതമാനമാക്കുന്നത്‌. ഇതിനനുസരിച്ച്‌ ദർഘാസ്‌, കരാർ വ്യവസ്ഥകളിലും സർക്കാർ മാറ്റംവരുത്തുമെന്നും ഊർജമന്ത്രി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed