കുവൈത്തിൽ വഴിയോര കച്ചവടക്കാർക്കെതിരെ നടപടി ശക്തമാക്കുന്നു
കുവൈത്ത് സിറ്റി : രാജ്യത്ത് വഴിയോര ക്കച്ചവടക്കാർക്കെതിരെ നടപടി ശക്തമാക്കുന്നു.ഇതിന്റെ ഭാഗമായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് ഉയർന്ന തുക പിഴയായി ഈടാക്കാൻ അധികൃതർ തീരുമാനിച്ചു. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ നിന്ന് പിടികൂടുന്ന വഴിയോരക്കച്ചവടക്കാരിൽ നിന്ന് 100 ദിനാർ മുതൽ 500 ദിനാർ വരെയും മെയിൻ റോഡുകളിൽനിന്ന് പിടിക്കപ്പെടുന്നവരിൽനിന്ന് 500 മുതൽ 1000 ദിനാർ വരെയും പിഴ ഈടാക്കുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.
ഭക്ഷ്യ−പോഷകാഹാര അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനം. നാൽപ്പത് വർഷം മുന്പ് നിലവിലുള്ള താണ് പിഴ സംബന്ധിച്ച തീരുമാനമെന്നും കർശനമായി നടപ്പാക്കാൻ തീരുമാനിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും അധികൃതർ അറിയിച്ചു.
വഴിയോര ക്കച്ചവടത്തിന് പിടിയിലാകുന്ന വാഹനങ്ങൾ പിഴ അടച്ച രസീത് ഹാജരാക്കിയാൽ മാത്രമേ വിട്ടുകൊടുക്കുകയുള്ളൂ. വഴിയോരക്കച്ചവടം നടത്തിയവർ രാജ്യം വിട്ടു പോകുന്നതുവരെ സ്പോൺസറുടെ വിവിധ ഫയലുകൾ മരവിപ്പിക്കും. പാർക്കുകൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങളുടെ മുൻവശങ്ങൾ തുടങ്ങിയിടങ്ങളിൽ കച്ചവടം നടത്തുന്നവർക്കും നിയമം ബാധകമാണ്.


