ബ്രസീൽ തീരത്തെ 7 എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങളിൽ പങ്കാളിത്തം നേടി ഖത്തർ എനർജി
ശാരിക
ദോഹ: ബ്രസീൽ തീരത്തുള്ള ഏഴ് ഓഫ്‌ഷോർ എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങളിൽ പങ്കാളിത്തം നേടി ഖത്തർ എനർജി. ബ്രസീലിലെ മുൻനിര എണ്ണക്കമ്പനിയായ പെട്രോബ്രാസുമായി (Petrobras) സഹകരിച്ചാണ് ഈ മേഖലയിൽ ഖത്തർ എനർജി പ്രവർത്തനം വ്യാപിപ്പിക്കുന്നത്. അന്താരാഷ്ട്ര ഊർജമേഖലയിൽ ഖത്തറിന്റെ നിക്ഷേപങ്ങളും പങ്കാളിത്തവും കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.
വടക്കുകിഴക്കൻ ബ്രസീലിലെ സിയാറ ബേസിനിൽ സ്ഥിതി ചെയ്യുന്ന എണ്ണ പര്യവേക്ഷണ ബ്ലോക്കുകളിലാണ് ഖത്തർ എനർജിയും ബ്രസീലിയൻ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസും സംയുക്തമായി പര്യവേക്ഷണം നടത്താൻ ധാരണയായത്. ബ്രസീലിന്റെ നാഷണൽ പെട്രോളിയം ഏജൻസി (ANP) സംഘടിപ്പിച്ച ആറാമത് ഓപ്പൺ ലേലത്തിലാണ് ഇരു കമ്പനികളും ഇത് സംബന്ധിച്ച ഔദ്യോഗിക ലൈസൻസ് സ്വന്തമാക്കിയത്. കമ്പനികൾ തമ്മിലുള്ള കരാർ പ്രകാരം ഖത്തർ എനർജിക്ക് 30 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടാവുക. പദ്ധതിയുടെ പ്രധാന പ്രവർത്തന ചുമതലയുള്ള പെട്രോബ്രാസിന് 70 ശതമാനം ഓഹരി വിഹിതമുണ്ടാകും.
തുടർ പര്യവേക്ഷണങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട ഈ ബ്ലോക്കുകൾക്ക് ഏകദേശം 4,700 ചതുരശ്ര കിലോമീറ്റർ വിസ്തീർണമാണുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 2,000 മുതൽ 3,600 മീറ്റർ വരെ ആഴമുള്ള സമുദ്രഭാഗങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക നടപടിക്രമങ്ങളും കരാറുകളും പൂർത്തിയാകുന്നതോടെ ബ്രസീലിലെ എണ്ണ പര്യവേക്ഷണ-ഉൽപ്പാദന മേഖലയിൽ ഖത്തർ എനർജിയുടെ സാന്നിധ്യം കൂടുതൽ കരുത്താർജ്ജിക്കും. പുതിയ ബ്ലോക്കുകളുടെ ലൈസൻസ് സ്വന്തമാക്കിയെങ്കിലും, വരും ദിവസങ്ങളിൽ നടക്കുന്ന വിശദമായ പര്യവേക്ഷണങ്ങളിലൂടെയും ശാസ്ത്രീയ-സാങ്കേതിക പഠനങ്ങളിലൂടെയും മാത്രമേ ഈ മേഖലയിലെ എണ്ണ-വാതക നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ.
sdsad

